Wednesday, November 14, 2012

ആത്മയാനം

ശൂന്യമായ മനസ്സില്‍ പതിയെ വെളിച്ചം വന്നു തുടങ്ങിയപ്പോള്‍ സ്വാമിനിയുടെ മുഖമാണ് ആദ്യം മനസ്സില്‍ പതിഞ്ഞത് . ആ കണ്ണുകളിലെ ശാന്തത, തിളക്കം. ആ നോട്ടം മനസ്സിന്റെ അടിത്തട്ട് വരെ എത്തിയോ. അവര്‍ വായിച്ചോ അവളുടെ മനസസ്.
സ്വാമിനി പതിയെ എഴുന്നേറ്റു, പുഴക്കരയിലേക്ക് നടന്നു. കൂടെ ചെല്ലാന്‍ ആ കണ്ണുകള്‍ തന്നോട് പറഞ്ഞത് പോലെ. അവളും കൂടെ നടന്നു. സ്വാമിനി ആ പുഴക്കരയില്‍  ധ്യാനത്തില്‍ മുഴുകി. പ്രഭാതത്തിലെ നനുത്ത തണുപ്പും, ഇളം കാറ്റും. അവളും കണ്ണടച്ച് ഇരുന്നു. അവളുടെ മനസ്സില്‍ മുഴുവന്‍ അവനായിരുന്നു.
 അവര്‍ നടന്നു കയറിയ വഴികള്‍, അവര്‍ കണ്ട സ്വപ്‌നങ്ങള്‍. ഒരിക്കലും വിട്ടൊഴിയാത്ത വഴക്കുകളും. അവള്‍ കണ്മുന്നില്‍ കാണുന്നുണ്ടായിരുന്നു. 
“നീ ഇപ്പോഴും ആ ഓര്‍മകളില്‍ തന്നെ ആണല്ലേ’ സ്വാമിനിയുടെ ശബ്ദം കേട്ട് അവള് കണ്ണ് തുറന്നു.
“ഓര്‍മ്മകള്‍ ജീവിതത്തില്‍ അനിവാര്യമാണ്, സന്തോഷമുള്ള ഓര്‍മ്മകള്‍ കൂടെ കൊണ്ട് നടക്കുക, അല്ലാത്തവയെ ഉപേക്ഷിക്കുക. നിറമില്ലാത്ത ഓര്‍മകളെ ഒരു കുടത്തിലാക്കി അടച്ചു വക്കുക. അവ അവിടെ സുഖമായി വിശ്രമിക്കട്ടെ. ഈ ജന്മത്തിലെ യാത്രയില്‍ അവന്‍ ഇവിടം വരെ നിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ, അത് ദൈവ നിശ്ചയം.  ജീവിതയാത്രയില്‍ നമുക്ക് നഷ്ടങ്ങള്‍ സംഭവിക്കാം, അത് കൊണ്ട് കര്‍മങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല. നിര്‍വാണം പ്രാപിക്കാന്‍ എന്തെല്ലാം മോക്ഷ മാര്‍ഗ്ഗങ്ങളുണ്ട്.”
സ്വാമിനിയുടെ വാക്കുകള്‍ അവള്‍ക്കു ഊര്‍ജവും ശക്തിയും പകര്‍ന്നു, പുതിയ ഒരു ജീവിതത്തിലേക്ക് നടന്നു കയറാന്‍.
 
സ്വപ്നമേത്, യാഥാര്‍ഥ്യം ഏതെന്നു തിരിച്ചറിയാനാവത്ത ഒരു അവസ്ഥയിലായിരുന്നു ദേവിക. ഹരി എല്ലാം ഉപേക്ഷിച്ചു എവിടെക്കാണ്‌ പോയത്,  അവന്‍ എവിടെ പോയി എന്നറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെ വന്നപ്പോഴാണ് ദേവിക ഹരിയുടെ  വീട്ടിലേക്കു വിളിച്ചത്, അപ്പോഴാണ്‌ ആ സത്യം അവളും അറിഞ്ഞത്.
“ഹരിയുടെ വിവാഹം കഴിഞ്ഞു, എല്ലാം പെട്ടെന്നായിരുന്നു”. അത്രെയേ അവള്‍ കേട്ടുള്ളൂ, അവര്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. അവളുടെ മനസസ് ആകെ ശൂന്യമായി,  അവള്‍ ഒന്നും കേള്‍ക്കുന്നില്ലായിരുന്നു,  അവള്‍ക്കു ഉള്‍കൊള്ളാവുന്നതിലും അപ്പുറമായിരുന്നു കേട്ടറിഞ്ഞത്.  കനലുകള്‍ എരിയുന്ന ഉല പോലായി അവളുടെ മനസ്സ്. ആ അഗ്നിയില്‍ ഒരു പിടി ചാരമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ആശിച്ചു പോയ നിമിഷം.
അവന്റെ വരവിനായി കാത്തിരുന്നു ദേവിക, പ്രണയാര്ദ്രമായ മനസ്സോടെ, പക്ഷെ അവളെ കാത്തിരുന്നത് മറ്റൊരു വിധി ആയിരുന്നു. ഹരി അവളുടെ ജീവിതത്ത്തില്‍ നിന്ന് പടി കടന്നു പോയി, ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത വിധം,  അവന്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല.  അവനു ദേവികയെ മറക്കാനാവുമോ?.... ഹരിയെ അവള്‍ക്കു  അറിയാവുന്നതു പോലെ ആര്‍ക്ക് അറിയാം. അവന്റെ ഉള്ളില്‍ പ്രണയം ഉള്ള കാലം വരെ അവളെ അവനു മറക്കാന്‍ കഴിയില്ല.
അവന്‍ എവിടെ ആവും, അതും ദേവികക്ക് അറിയില്ല. ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അവനുണ്ടാവും. എന്തിനു വേണ്ടി ദേവികയെ ഒറ്റപ്പെട്ട ദ്വീപിലാക്കി അവന്‍ നടന്നകന്നു.
എല്ലാമോര്‍ക്കുന്നു, ഒരു നേര്‍ചിത്രം പോലെ കണ്ണിന്റെ മുന്‍പില്‍ തെളിയുന്നു.  
 ജീവിതപാതയില്‍ അവള്‍ അവനെ കണ്ടു മുട്ടി. കണ്ട മാത്രയില്‍ തിരിച്ചറിഞ്ഞു. പോയ ജന്മത്തില്‍ എനിക്ക് കണ്ടെത്താന്‍ കഴിയാതെ പോയവന്‍. അവനില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍, ആദ്യമായി അവളില്‍ പ്രണയത്തിന്റെ വിത്തുകള്‍ പാകിയവന്‍. അതിനു വെള്ളവും വളവും നല്‍കി, വലിയൊരു മരമായി, പൂത്തുലഞ്ഞു. അതിന്റെ ഉന്മാദ ഗന്ധങ്ങളില്‍ എല്ലാം നഷ്ടപെട്ടവരായി, കാടുകളും മേടുകളും താണ്ടി നടന്നവര്‍. പ്രണയം സിരകളില്‍ അഗ്നിയായി ഒഴുകി , ആ അഗ്നിയില്‍ ശുദ്ധി ചെയ്ത രണ്ടു ആത്മാക്കളായി അവര്‍ മാറി. ഇനിയും ഒന്നിനും പിന്തിരിപ്പിക്കാനാവാത്ത വിധം ഒന്നായി തീര്‍ന്ന ആത്മാക്കള്‍. 
പ്രണയത്തിന്റെ കനല്‍വഴികളിലൂടെ നിര്‍വാണത്തെ പ്രാപിക്കാമെന്നു അറിഞ്ഞ നിമിഷങ്ങള്‍ . ഒരു പുഴ ആയി ഒഴുകി സമുദ്രത്തില്‍ എത്തിച്ചേരാനുള്ള വെമ്പലിലായിരുന്നു അവര്‍ .
കടല്‍ത്തീരത്ത്‌ കൂടി കഥ പറഞ്ഞു നടന്ന നാളുകള്‍, സ്നേഹിച്ചതിലും കൂടുതല്‍ വഴക്കുകള്‍. ആ വഴക്കുകള്‍ തന്നെ ആണ് അവന്റെ സ്നേഹമെന്ന് തിരിച്ചറിവ്. കാടുകളും, മേടുകളും പുഴ ഒഴുകുന്ന വഴികളിലൂടെയും ഒരുമിച്ചു നടന്നു, പുഴയുടെ ഒഴുക്കിനൊപ്പം, അവരുടെ പ്രണയത്തെയും ഒഴുക്കി വിട്ടു, ഭൂമിയെ സ്വര്‍ഗമാക്കുന്ന പ്രണയകാലം അന്ത്യം വരെ നിലനിര്‍ത്താന്‍ മനസ്സ് കൊതിക്കുന്ന നാളുകള്‍ .
ഈ ജന്മത്തില്‍ കണ്ടു മുട്ടുവാനായി തന്നെ അവന്‍ അവളെ തേടി വന്നത്, എന്നിട്ടും വിധി അവള്‍ക്കായി തീര്‍ത്തു വച്ചത് അപൂര്‍ണമായ യാത്ര ആയിരുന്നു. അവന്‍ അവളെ വിട്ടു പോയി. ഇനിയും വരും ജന്മങ്ങളിലും അവനെ കാത്തിരിക്കാനാണ് അവളുടെ വിധി.
  സത്യം ഉള്‍കൊള്ളാന്‍ ആവാതെ അവള്‍ മൌനത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീണു, അവളെ കര കയറ്റാന്‍ വീട്ടുകാര്‍ കണ്ടുപിടിച്ച ഇടം. അങ്ങനെ ആണ്, അവള്‍ അവിടെ എത്തിച്ചേരുന്നത്. സ്നേഹത്ത്തണലില്‍, മനസ്സിന്റെ സമനില തെറ്റിയവളായി.
 ശൂന്യതയില്‍ മുഖം അമര്‍ത്തി കിടന്നു അവള്‍ തേങ്ങി. അവളുടെ നില വിളികള്‍ ആരും കേട്ടില്ല. ആ തേങ്ങലുകള്‍ ശ്വാസം മുട്ടി  അവളുടെ ഉള്ളില്‍ തന്നെ മരിച്ചു. ഒരിക്കലും വിട്ടു പോകില്ലെന്ന് ഉറക്കെ പറഞ്ഞും വിശ്വസിപ്പിച്ചും നടന്നവര്‍. എന്നിട്ടും അവന്‍ ഒരു വാക്ക് പോലും പറയാതെ നടന്നകന്നത്‌, ഉത്തരം കിട്ടാത്ത ചോദ്യമായി അവളില്‍ ചുറ്റി തിരിഞ്ഞു.  
അവിനിനിയും ജീവിതത്തില്‍ ഇല്ല എന്ന തിരിച്ചറിവ് അവളെ  എത്തിച്ചത് കടുത്ത വിഷാദത്തിലും. പിന്നെ അതൊരു ഉന്മാദത്തിന്റെ വക്കിലും. അവനില്ലാതെ ഒരു ജീവിതം അവള്‍ക്കു ഉള്‍കൊള്ളാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.  വിധിയെ മറികടക്കാന്‍ ആവില്ലെന്ന സത്യം  തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി
 ജീവിതയാത്രയില്‍ ചിലപ്പോള്‍ നമ്മള്‍ ആത്മാവിനോട് ചേര്‍ത്ത് വയ്ക്കുന്നവര്‍ നഷ്ടമാകും, അത് നഷ്ടമാകുമ്പോള്‍ അതുണ്ടാക്കുന്ന മുറിവ് വലുതാണ്‌. ആ വേദന  സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍  ചിലര്‍ മരണത്തെ അഭയം പ്രാപിക്കും, മറ്റു ചിലരുടെ മുന്നില്‍ ശൂന്യത മാത്രം.
 തമോ ഗര്‍ത്തത്തില്‍ അകപെട്ടു പോയ അവളുടെ മുന്നില്‍ ശൂന്യത മാത്രം. ജീവതത്തിന്റെ നിറങ്ങള്‍ നഷ്ടപെട്ട അവള്‍ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നു പോയ നാളുകള്‍
 സ്വാമിനിയുടെ വാക്കുകള്‍ ദേവികക്ക് ആശ്വാസമായി. പിന്നെ ജീവിതത്തിലേക്ക് നടന്നു കയറുമ്പോള്‍ അതുറച്ച കാല്‍ വെപ്പുകളോടെ ആയിരിക്കാന്‍ എല്ലാ മനശ്ശക്തിയും തന്നത് സ്വാമിനി ആണ്. ഓര്‍മകളെ ഉപേക്ഷിക്കാനും ഇന്നലകളെ കൈവിടാനും, ഇന്നിനുവേണ്ടി ജീവിക്കാന്‍ ഉപദേശിച്ചതും അവരാണ്.
  അവളുടെ ഓര്‍മകളില്‍ ഇപ്പോള്‍ ഇന്നലെകളില്ല, ഇന്ന് മാത്രമേയുള്ളൂ. അവളുടെ കര്‍മങ്ങള്‍ പൂര്‍ണമാകാന്‍  എല്ലാം മറന്നേ പറ്റു.   നിര്‍വാണത്തിലെക്കുള്ള പാതയില്‍ എല്ലാം ഓര്‍മകളും ഉപേക്ഷിച്ചേ പറ്റു. കര്‍മ്മങ്ങള്‍ കൊണ്ടേ ദൈവത്തെ അറിയൂ. അവളെക്കാള്‍ തീവ്രമായ വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍.
 ഇനിയുള്ള  കര്‍മ്മപഥം അതാകാനായിരുന്നു വിധി.  കൊല്ലന്റെ ആലയില്‍ ചുട്ടെടുത്ത് അടിച്ചു പരത്തിയ ഇരുമ്പ് ദണ്ഡു പോലെ സ്വാമിനി അവളെ പരുവപ്പെടുത്തുകയായിരുന്നു. അടുത്ത കര്‍മത്തിനു വേണ്ടി.
അപൂര്‍ണമായി ഉപേക്ഷിച്ചു പോന്ന കര്‍മ്മങ്ങളുടെ പൂര്‍ണതക്കായി ദേവിക ഒരുങ്ങിക്കഴിഞ്ഞു.  

Saturday, November 10, 2012

മലാല ദിനം

ഇന്ന് മലാല ദിനം. മലാല ഒരു ദു:ഖമായി നമ്മുടെ മനസ്സില്‍ കടന്നു കൂടിയിട്ടു ഇന്ന് ഒരു മാസമാകുന്നു.

 സ്കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുമ്പോള്‍ താലിബാന്‍ തീവ്ര വാദികള്‍ നിറയോഴിച്ചു, തലക്കും കഴുത്തിനും വെടിയേറ്റ മലാലക്കു വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥന നിര്ഭരയയിരിക്കുമ്പോള്‍, നമുക്കും പ്രാര്‍ത്ഥിക്കാം. ബ്രിട്ടനിലെ ക്വീന്‍ എലിസേബെത്ത് ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചു വരുന്ന മലാല, അവളുടെ ചിന്തകളും പ്രതീക്ഷകളും ലോകത്തോട്‌ പങ്കു വക്കാന്‍ അവയുടെ പൂര്‍ത്തികരണത്തിനായി അവള്‍ മടങ്ങി വരുമെന്ന് തന്നെ ആണ് ലോകം പ്രതീക്ഷിക്കുന്നതു.   

പാക്കിസ്താനിലെ സ്വാത് താഴ്വരവരയിലെ പഷതൂണ്‍ ഗോത്ര വര്‍ഗക്കാര്‍, അവര്‍ പോരാളികള്‍ . ആ പോരാട്ട പൈതൃകമാണ് മലാല യുസ്സെഫ് സായ് എന്ന മലാലയുടെയും സവിശേഷത. ആ സവിശേഷത ആയിരിക്കാം അവളെ താലിബാന്‍ എതിരെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പ്രേരിപ്പിച്ചത്.

ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു വലിയ സംസ്കൃതിയുടെ ഭാഗമായ ബുദ്ധ പ്രതിമകള്‍ തകര്‍ക്കുന്നത് നമ്മള്‍ കണ്ടു. ശരിയായ രീതിയില്‍ ശിരോ വസ്ത്രം ധരിച്ചില്ല എന്ന കാരണത്താല്‍ തല ചാക്ക് കൊണ്ട് മൂടി കൈകള്‍ കൂട്ടികെട്ടി ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം, താലിബാന്‍ ഭീകരതയുടെ ഈ ദൃശ്യങ്ങള്‍ സ്വാത്‌ താഴ്വരയിലുള്ള സ്ത്രീ ജനങ്ങളില്‍ മാത്രമല്ല ഭീതി പടര്‍ത്തിയത്‌ ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ഭീതി പടര്‍ത്തി.

 മലാല എന്ന പെണ്‍കുട്ടി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അനേകം പെണ്‍കുട്ടികള്‍ക്ക് വേണ്ടി, താലിബാനെതിരായി ശബ്ദം ഉയര്ത്തിയവള്‍ അവളുടെ തിരിച്ചു വരവിനായി നമുക്കും പ്രാര്‍ത്ഥിക്കാം, അവള്‍ക്കു വേണ്ടി ഈ ദിനത്തില്‍.

Monday, October 29, 2012

സത്യം പറഞ്ഞപ്പോള്‍


യാത്രകള്‍ എപ്പോഴും എനിക്കിഷ്ടമാണ്. ട്രെയിന്‍ യാത്ര ആണ് ഏറെ ഇഷ്ടം. ഫ്ലൈറ്റ് യാത്രകളാണ് ഏറ്റവും അരോചകമായി തോന്നിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ര ഒരിക്കല്‍ പോലും എനിക്കിഷ്ടമായി തോന്നിയിട്ടില്ല, തിരിച്ചും.  

ഇവിടെ നിന്ന് മിക്ക ഫ്ലൈറ്റും രാത്രികാലങ്ങളിലാണ്, അവിടെ നിന്നുള്ളത് അതിരാവിലെയും. രണ്ടും എനിക്ക് അത്ര സുഖമുള്ള യാത്രാ സമയങ്ങളല്ല. രാത്രി യാത്രകളില്‍  ഒരിക്കല്‍ പോലും എനിക്കുറങ്ങാന്‍ കഴിയാറില്ല. ഈ യാത്രകളില്‍ ചിലരൊക്കെ അന്തവും കുന്തവുമില്ലാതെ ഉറങ്ങുന്നത് കാണാം, ചെറിയ കുട്ടികള്‍ മിക്കപ്പോഴും കരച്ചിലില്‍ ആയിരിക്കും, മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങള്‍ യാത്രയില്‍ ഉടെനീളം കരച്ചിലില്‍  തന്നെ ആയിരിക്കും., കരഞ്ഞു കരഞ്ഞു ശ്വാസം നിലച്ചു പോയ സംഭവങ്ങള്‍ ഉണ്ട്.

ഒരിക്കല്‍ ഒരമ്മയും കുഞ്ഞും, കുഞ്ഞിനു മൂന്നു മാസം പ്രായം. കുട്ടി ഫ്ലൈറ്റില്‍ കയറിയപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങിയതാണ്‌.  നിര്‍ത്താതെ  കരയുന്ന കുഞ്ഞു.

ആ നിലവളി നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടേ ഇരുന്നു, സഹിക്കാന്‍ വയ്യാതെ ഞാന്‍ ചെവി മൂടി. എന്നിട്ടും മനസ്സ് സമ്മതിക്കുന്നില്ല, ദയനീയമായ ആ കരച്ചില്‍ ചെവിയിലേക്കല്ല മനസ്സിലേക്കാണ്‌ തുളച്ചു കയറുന്നതെന്ന് തോന്നി. മിക്കവാറും എല്ലാവരും ഉറക്കത്തിലാണ്. കുഞ്ഞിനു ഇടക്ക് കരയാന്‍ കഴിയാതെ  ശബ്ദം നേര്‍ത്ത് നേര്‍ത്തു  വന്നു. അടുത്തിരിക്കുന്നവര്‍ പോലും ശ്രദ്ധിക്കുന്നില്ല, എയര്‍ ഹോസ്റ്റെസ് മൈന്‍ഡ് പോലും ചെയ്യുന്നില്ല, പാവം അമ്മ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. അവളും ഒരു കരച്ചിലിന്‍റെ വക്കത്തായിരുന്നു.
രണ്ടു സീറ്റിനു പുറകിലുള്ള ഞാന്‍ ചെന്ന് കുഞ്ഞിനെ വാങ്ങി, എന്റെ സീറ്റില്‍ വന്നിരുന്നു. മാറത്തു അടക്കി പിടിച്ചു കിടത്തിയപ്പോള്‍ തന്നെ കരച്ചില്‍ നിര്‍ത്തി, അപ്പോള്‍ അമ്മ കുട്ടിക്കുള്ള പാലുമായി വന്നു. അത് കൊടുത്തു, കുട്ടിയെ   തോളത്തു കിടത്തി ഉറക്കി, തിരിച്ചു കൊടുത്തപ്പോള്‍, ആ അമ്മയുടെ കണ്ണില്‍ അത്ഭുതം. എന്ത് മാജിക്ക് ആണ് നിങ്ങള്‍ കാട്ടിയത് എന്ന ഭാവം.

മൂന്നു മാസമായ കുഞ്ഞിനെ നോക്കിയത് അമ്മൂമ്മ  ആയിരിക്കും, ചെറുപ്പക്കാരി ആയ അമ്മക്ക് അതിനെ എടുക്കാന്‍ പോലും അറിയില്ലായിരുന്നു. കൂട്ടിനു ആരുമില്ലാതെ യാത്ര തിരിക്കുന്ന എല്ലാ ചെറുപ്പക്കാരികളായ അമ്മമാരുടെയും അനുഭവം ഇങ്ങനൊക്കെ തന്നെ ആയിരിക്കണം.

പക്ഷെ നാലര മണിക്കൂര്‍ ഇരുന്നുള്ള ഈ യാത്രയില്‍, എന്‍റെ കാലുകള്‍ നീര് വച്ച്, വേദന എടുക്കാന്‍ തുടങ്ങും, നീണ്ടു നിവര്‍ന്നു കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഉറങ്ങാനും കഴിയില്ല, സഹയാത്രികര്‍ മിക്കവാറും എല്ലാവരും തന്നെ ഉറക്കത്തിലായിരിക്കും. അവിടെ എനിക്ക് കൂട്ട് ബുക്കും, ഐപോടും ആണ്, ബുക്ക്‌ വായിച്ചു മടുക്കുമ്പോള്‍ എനിക്കിഷ്ടപെട്ട പാട്ട് കേട്ടിരിക്കും. നല്ല കംഫോര്ട്ട് തോന്നുന്ന ആളാണ്‌ അടുത്തിരിക്കുന്നതെങ്കില്‍ സംസാരിച്ചിരിക്കും. 

അങ്ങനെ ഒരു യാത്രയില്‍, എന്‍റെ അടുത്ത സീറ്റില്‍ ഒരു സായിപ്പായിരുന്നു, അയാളുടെ ഇംഗ്ലീഷ് ചിലപ്പോള്‍ എനിക്ക് മനസ്സിലാകില്ല അത് കൊണ്ടു തന്നെ എനിക്കും ഒട്ടും താല്പര്യം തോന്നിയില്ല അയാളോട് സംസാരിക്കാന്‍., അയാളാണെങ്കില്‍ ഐപാഡില്‍ എന്തെക്കെയോ ചെയ്യുന്നു. ഞാനും  അത്ര ശ്രദ്ധിച്ചില്ല.

സ്ക്രീനില്‍ തെളിഞ്ഞ സിനിമ ഒക്കെ അറുബോറന്‍ ഹിന്ദി, ഇംഗ്ലീഷ്, അറബിക് സിനിമകള്‍, കാണാന്‍ എനിക്ക് ഒട്ടു താല്പര്യം തോന്നിയതുമില്ല. അപ്പോള്‍ ഞാന്‍ എന്റെ കൈയില്‍ കരുതിയ ബുക്കുകള്‍ എടുത്തു. അതില്‍ ഒന്ന്, നിത്യചൈതന്യയതിയുടെ  പ്രാണായാമം എന്ന ബുക്ക്‌ ആയിരുന്നു. വായിച്ചു കൊണ്ടിരുന്നപ്പോള്‍ ലൈറ്റ് ഓഫ്‌ ആയി, ഞാന്‍ ഐപോഡ് എടുത്തു പാട്ട് കേട്ടിരുന്നു, ഉറക്കം വരുന്നുണ്ട് പക്ഷെ സീറ്റില്‍ ഇരുന്നുള്ള ഉറക്കം എത്രയൊക്കെ ശ്രമിച്ചാലും പറ്റില്ല, അപ്പോഴാണ് അയാള്‍ വളരെ വിനീതനായി എന്റെ കൈയിലെ ബുക്ക്‌ ചോദിച്ചു, അവര്‍ അങ്ങനെ ആണല്ലോ, എത്രയും വിനീതരായിട്ടെ  പെരുമാറു. ആ കാര്യത്തില്‍ അവരെ നമുക്ക് അനുകരിക്കാവുന്നതേയുള്ള, പ്രാണായാമത്തെ കുറിച്ചു ആയി ചര്‍ച്ച, എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ വാചാലമായി പറഞ്ഞു, പക്ഷെ അയാള്‍ എന്നെ അതിശയിപ്പിച്ചു കൊണ്ട് യോഗയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ അഹങ്കാരമെല്ലാം ആവി ആയി പോയി. 

അമൃതാനന്ദ മയി മഠത്തെ കുറിച്ചും അവിടുത്തെ ഭക്തന്‍ ആണെന്നും, ഇടക്കിടെ അവിടെ പോകാറുണ്ടെന്നുമൊക്കെ പറഞ്ഞു. ഭാര്യ  നെഴ്സ് ആണെന്നും, അവര്‍ ഒരു ഡിവോര്‍സിന്‍റെ വക്കത്താണെന്നും, മക്കള്‍ എന്നേ കൂടു വിട്ടു പോയി, മകന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നു, മകള്‍ പഠിക്കുന്നു. അവിടെ മക്കള്‍ പതിനെട്ടു വയസ്സ് കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു, നമ്മള്‍ മക്കള്‍ കല്യാണം കഴിച്ചു കുട്ടികള്‍ ആയാലും അവര്‍ നമ്മോടൊപ്പം തന്നെ  ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. മകന്‍ കല്യാണം കഴിച്ചാലും ചിലവിനു കൊടുക്കുന്ന അച്ഛനമ്മമാര്‍ , എന്നാലും, അച്ഛനമ്മമാരെ മറക്കുന്ന മക്കള്‍, എന്നാണോ നമ്മള്‍ ഈ മനോഭാവങ്ങള്‍ മാറ്റുന്നത്. നല്ലതും ചീത്തയുമൊക്കെ എല്ലാ സംസ്കാരങ്ങളിലും ഉണ്ട്, എങ്കിലും നമ്മള്‍ ഓരോരുത്തരും സ്വന്തം സംസ്കാരമാണ് വലുതെന്നു വിശ്വസിക്കുന്നു, അതില്‍ അഭിമാനം കൊള്ളുന്നു.

അതിനിടയില്‍ അയാള്‍ എന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു, അവരുടെ  വിവരങ്ങള്‍ തിരക്കി. അവസാനം അയാള്‍ എന്നോട്  ചോദിച്ചു, "ഞങ്ങള്‍ സ്ത്രീകളുടെ പ്രായവും, പുരുഷന്റെ ശംബളവും ചോദിക്കാറില്ല എങ്കിലും താങ്കളുടെ പ്രായം എത്ര ആണ്"   ഞാന്‍ എന്റെ പ്രായം  പറഞ്ഞു. നിന്നെ കണ്ടാല്‍ പ്രായത്തെക്കാള്‍  ചെറുപ്പം തോന്നുന്നു.  പിന്നെ കുറെ പ്രശംസകള്‍, പൊക്കലുകള്‍. ഞാനും തിരിച്ചു പ്രായം ചോദിച്ചു, അയാളുടെ മറുപടി കേട്ട് ഞാന്‍ അന്തിച്ചു. ദൈവമേ അയാളുടെ പ്രായത്തെക്കാള്‍ എത്രയോ വയസ്സനായി തോന്നുന്നു. ഞാന്‍ അത് തുറന്നു പറഞ്ഞു. പെട്ടെന്നായിരുന്നു അയാള്‍ പൊട്ടി തെറിച്ചത്‌, ഞാനാകെ സ്തബ്ധയായി , ഇയാള്‍ക്കെന്തു പറ്റി. അയാള്‍ പറഞ്ഞു, എന്റെ കൂടുകാര്‍ പറയും എന്നെ കണ്ടാല്‍ ശരിക്കുള്ള പ്രായം പറയില്ല, പ്രായത്തെക്കാള്‍ ചെറുപ്പമാണന്നെന്നാണ് അവര്‍ പറയാറുള്ളത്.  നീ എന്ത് കൊണ്ടങ്ങനെ പറഞ്ഞു, ഞങ്ങള്‍ ഒരു സുന്ദരി അല്ലാത്ത സ്ത്രീയെ കണ്ടാലും ഓ, ഇന്ന്  നീ വളരെ സുന്ദരി ആയിരിക്കുന്നു എന്നേ പറയാറുള്ളു. ''. എനിക്കാകെ ചിരി വരുന്നുണ്ടായിരുന്നു. ചിലപ്പോള്‍ എന്റെ ചിരി പുറത്തേക്കു വരുമോ എന്ന് ഞാന്‍ പേടിച്ചു. ഞാന്‍ പറഞ്ഞു,"ഞങ്ങള്‍ ഇന്ത്യക്കാര്‍  ഉള്ളത് ഉള്ളതു പോലെ പറയൂ. സത്യമേ പറയാവു എന്നാണ് ഞങ്ങളെ പഠിപ്പിക്കുന്നത്‌, അതാണ്‌ ഞങ്ങളുടെ സംസ്കാരം", അത് അയാളുടെ ദേക്ഷ്യം കൂട്ടിയതേയുള്ളു. അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, ഞാന്‍ സോറി പറഞ്ഞതൊന്നും ഏറ്റില്ല, പിന്നെ അയാള്‍ എന്നോട് മിണ്ടിയതേയില്ല, ഞാനും.
എപ്പോഴോ ഉറങ്ങിപ്പോയി. അപ്പോഴേക്കും അനൌണ്‍സുമെന്റ്റ് വന്നു, വിമാനം താഴെ ഇറങ്ങാനുള്ള തന്ത്രപ്പാടിലാണെന്ന് . ഞാന്‍ പാളി നോക്കി അയാളുടെ മുഖത്തേക്ക്. അയാള്‍ ദേക്ഷ്യത്തില്‍ തന്നെ ആണെന്ന് തോന്നുന്നു. ഞാന്‍ ഇറങ്ങുന്നതിനു മുന്‍പേ ഒന്ന് കൂടി സോറി പറഞ്ഞു, എന്റെ നാട്ടിലേക്ക് അയാള്‍ക്ക് സ്വാഗതവും പറഞ്ഞു തടി തപ്പി. അന്ന് ഞാന്‍ ഉറപ്പിച്ചു , ഇനി മേലില്‍ ഒരാളോടും സത്യം പറയില്ലെന്ന്.സുന്ദരന്‍ അല്ലെങ്കിലും സുന്ദരന്‍ ആണെന്നും, വയസ്സനാണെങ്കിലും യവ്വനയുക്തന്‍ ആണെന്നുമൊക്കെ പറഞ്ഞു സുഖിപ്പിക്കണം. അതാണ്‌ ശരി, അത് കേള്‍ക്കുന്നവര്‍ക്കും ഒരു സുഖമല്ലേ, ഇനി പോസിറ്റീവ് തിങ്കിംഗ് മാത്രം മതി.

Sunday, October 7, 2012

അമ്മയെന്ന പുണ്യം

സ്വപ്നങ്ങളുടെ വളപ്പൊട്ടുകള്‍ സൂക്ഷിക്കുന്ന ചെപ്പു തുറന്നു  ഞാന്‍ ബെഡിലേക്ക് കുടഞ്ഞു, വിവിധ നിറത്തിലുള്ള വളപ്പൊട്ടുകള്‍  വെറുതെ അവയില്‍ പരതി നടന്നപ്പോള്‍ ആകാശ നീലിമയുള്ള വളപ്പൊട്ടുകള്‍ ആണ് കണ്ണില്‍ ആദ്യം പെട്ടെത്. അവയില്‍ അമ്മയുടെ മുഖം തെളിഞ്ഞു വന്നു, അതിസുന്ദരിയായ എന്‍റെ അമ്മ, ആ കണ്ണുകളിലും , പുഞ്ചിരിയിലും സ്നേഹം മാത്രം.  കുലീനയായ  അമ്മ, കൊളുത്തി വച്ച നിലവിളക്ക് പോലെ  പ്രകാശം പരത്തിയിരുന്നു.  

കാന്‍സര്‍  രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു, വേദന സഹിക്കേണ്ടി വന്നപ്പോഴും, രോഗം അതിന്റെ എല്ലാ ശക്തിയോടും ശരീരം മുഴുവന്‍ വ്യാപിച്ചപ്പോഴും.  അമ്മയുടെ കണ്ണില്‍ ജീവിക്കാനുള്ള ആസക്തി  കണ്ടു.  ഓരോ കോശവും , ഓരോ അവയവവും  മരിച്ചു കൊണ്ടിരുന്നപ്പോളും വേദനയുടെ നിലവിളികള്‍ പുറത്തേക്ക് വരാതെ തന്റെ ഉള്ളില്‍ തന്നെ അടക്കി മരണത്തെ നേരിട്ടു. ഒരു മരുന്നിനും മാറ്റാന്‍ കഴിയാത്ത വേദന. അപ്പോഴാണ്‌ എനിക്ക് ദൈവത്തോട് ഏറ്റവും ദേക്ഷ്യം തോന്നിയത് എന്തിനു ഇങ്ങനൊരു രോഗം സൃഷ്ടിച്ചു .

 ''എനിക്ക് നല്ല ക്ഷീണം, ഞാന്‍ കിടക്കട്ടെ'' എന്ന് പറഞ്ഞു കിടന്ന അമ്മ, പിന്നെ ഉണര്‍ന്നതേയില്ല, ഞങ്ങളെ എല്ലാം തനിച്ചാക്കി ഏതു ലോകത്തേക്ക് പോയി, എവിടെ ആയാലും സ്നേഹം പങ്കിട്ട്, സുഖമായി കഴിയുന്നുണ്ടാവും. എല്ലാ അമ്മമാരേയും ദൈവം സ്നേഹം കൊണ്ടാണ് സൃഷ്ടിച്ചതെന്ന് തോന്നുന്നു. ആ സ്നേഹത്തിന്റെ ആഴങ്ങളില്‍ അഹങ്കരിച്ചു നടക്കുമ്പോള്‍ അറിയുന്നില്ല, അതിന്റെ വില. അവര്‍ നമ്മളെ വിട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന വലിയ ശൂന്യത. ആ ശൂന്യതയില്‍ ആകെ തകര്‍ന്നു പോയത് അച്ഛനായിരുന്നു.

കൊടുത്തു തീരാത്ത സ്നേഹത്തിന്റെയും, സഫലമാകാത്ത സ്വപ്നങ്ങളുടെയും, ചെയ്തു തീര്‍ക്കാനുള്ള കടമകളുടെയും വലിയൊരു ഭാണ്ഡം ഇറക്കി വച്ച് പെട്ടെന്നൊരു ദിവസം അമ്മ പടി ഇറങ്ങിപ്പോയപ്പോള്‍  അച്ഛന്‍ തളര്‍ന്നു പോയി. ഇണയുടെ തുണ നഷ്ടപെടുന്നവര്‍ക്കെ അതിന്റെ വേദന മനസ്സിലാവൂ. കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തിരുന്നത് അമ്മയാണ്. ജീവിത യാത്രയില്‍ ഇനിയുള്ള ദൂരം ഒറ്റയ്ക്ക് നടക്കണമെന്ന അറിവില്‍ അച്ഛന്‍ ആകെ തകര്‍ന്നു പോയി. അമ്മ തന്നിരുന്ന സുരക്ഷിതത്വം ഞങ്ങള്‍ മക്കള്‍ക്കും നഷ്ടമായി. എങ്കിലും അമ്മയുടെ സാന്നിദ്ധ്യം ഞാന്‍ ഇപ്പോഴും അറിയുന്നു. എല്ലാവരെക്കാളും അമ്മ എന്നെ സ്നേഹിച്ചിരുന്നോഎല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കാനെ ഏതൊരമ്മക്കും കഴിയു. ആ പൊക്കിള്‍കൊടി ബന്ധം മരണം കൊണ്ടു തീരുന്നില്ല, ആത്മാവ് ഉള്ളിടത്തോളം കാലം.

ഇന്ന് പതിവില്ലാതെ എന്താണോ  അമ്മ എന്നെ കാണാന്‍ വന്നത്. അമ്മയുടെ ചന്ദന ഗന്ധം മുറിയിലാകെ നിറഞ്ഞു. കട്ടിലില്‍ എന്റെ അടുത്തായി അമ്മ ഇരുന്നു. ആ മടിയില്‍ കിടന്നു കഥ പറയാന്‍ എനിക്കും തിടുക്കമായി. അമ്മയുടെ  മുഖം വല്ലാതെ വലിഞ്ഞു മുറുകി ഇരുന്നിരുന്നു.  "നിന്റെ അടുത്ത് വരുമ്പോള്‍ എനിക്ക് മനസ്സിന് ഒരു സുഖമാണ്"  "ഞാന്‍ അമ്മയുടെ മകളല്ലേ, അമ്മ ഇവിടെ ഉപേക്ഷിച്ചു പോയ നന്മയും സ്നേഹവും എന്റെ മനസ്സിലും ഉള്ളതു കൊണ്ടായിരിക്കാം’’ എന്റെ മറുപടി കേട്ട് അമ്മയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. അച്ഛന്റെ വിവരം അറിയാനല്ലേ ഈ വരവ്, എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ലെന്ന് എനിക്കറിയാം എന്നു കളിപറഞ്ഞപ്പോള്‍ ആ പഴയ കൊച്ചു കുട്ടി ആണെന്ന തോന്നലായിരുന്നു എനിക്ക്. അച്ഛന്റെ ആരോഗ്യനില വളരെ മോശമാണ് , കിഡ്നിക്കു പ്രോബ്ലം ഉണ്ട്, പിന്നെ വല്ലാത്തൊരു അവസ്ഥ ആണിപ്പോള്‍ അമ്മ ചെയ്യുന്നത് പോലൊക്കെ ചെയ്യാന്‍ അവിടെ ആരാണുള്ളത്. സഹോദരനും, ഭാര്യയും, മക്കളും രാവിലെ കൂടോഴിയും, പിന്നെ ഉള്ളതു ജോലിക്കാരി, ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ആര്‍ക്കും ഒന്നിനും നേരമില്ലാത്ത കാലം. സ്വന്തം നിലനില്പിന് വേണ്ടി എല്ലാവരും നെട്ടോട്ടം ഓടുന്നു.   അമ്മ വീണ്ടും പറഞ്ഞു, "അവന്‍ കുറേകൂടി അച്ഛന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍", അതൊന്നും അവിടെ നടക്കില്ല. അത് അമ്മക്കറിയാം, പിന്നെന്തിനു വെറുതെ ആഗ്രഹിക്കുന്നു.  ശ്രദ്ധ മാറ്റാന്‍ വേണ്ടി അമ്മയുടെ കൂട്ടുകാരികളെ കാണാന്‍ പോയ കഥ  പറയാമെന്നു  കരുതി, അത് കേള്‍ക്കാന്‍ അമ്മക്ക് ഏറെ ഇഷ്ടമാണ്.

എന്നും സ്കൂളും , കുട്ടികളും, സഹപ്രവര്‍ത്തകരായ ടീച്ചേര്‍സും ആയിരുന്നു  അമ്മയുടെ ലോകം, മക്കളായ ഞങ്ങള്‍ രണ്ടാമതെ ഉള്ളു. റിട്ടയര്‍ ചെയ്യുമ്പോള്‍ അമ്മ എന്ത് ചെയ്യും, എന്നു ഞാന്‍  ആലോചിക്കാറുണ്ടായിരുന്നു , ജോലിയെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് അത്. അതൊന്നും വേണ്ടി വന്നില്ല അതിനു മുന്‍പ് അമ്മ പോയി.

 ഒരു ഇടവപ്പാതിയില്‍, ആകാശം ആകെ മൂടി കെട്ടി നിന്നൊരു ദിവസമാണ് ഞാന്‍ മാലതി ടീച്ചറിന്റെ വീട്ടില്‍ പോയത്. പ്രകൃതിയെപോലെ വീടിനകവും ആകെ നിശബ്ദവും മൂകവും ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴും മാലതി ടീച്ചറിന്റെ ഭര്‍ത്താവിനു എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ച അദേഹത്തിന്റെ, മുഖത്ത് സന്തോഷത്തിന്റെ ലാഞ്ചന ഒന്നുമില്ല. ടീച്ചറിനെ അന്ന്വേഷിച്ചപ്പോള്‍, അകത്തെ മുറിയിലേക്ക് ക്ഷണിച്ചു, തലയില്‍ ഒരു വച്ചുകെട്ടുമായി ടീച്ചര്‍ ഉറക്കത്തിലാണ്. '' മാലതിക്കിപ്പോള്‍ ഓര്‍മ്മക്കുറവുണ്ടു, കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണര്‍ന്നു, ഇരുട്ടില്‍ തപ്പി നടന്നു ഭിത്തിയില്‍ തല ഇടിച്ചതാണ്, ഈ മുറിവ്. ചിലപ്പോള്‍ കൊച്ചു കുട്ടികളെ പോലെ വീട്ടില്‍ നിന്ന് ഇറങ്ങി പോകും, അത് കൊണ്ടു ഞാന്‍ എപ്പോഴും കൂടെ കാണും". പാവം മനുഷ്യന്‍, സ്വന്തം അവശതകള്‍ മറന്നു ഭാര്യയെ ശുശ്രുക്ഷിക്കുന്നു.  അവസാന നാളുകളില്‍ പോലും സന്തോഷിക്കാന്‍ കഴിയാതെ വരുക. എല്ലാ ഭാരങ്ങളും ഒതുക്കി അല്പം ആശ്വാസത്തോടെ ജീവിക്കാം എന്ന് കരുതുമ്പോള്‍ പിന്നെയും ഭാരങ്ങള്‍  മാത്രം. കര്‍മഫലം അനുഭവിക്കാതെ പറ്റില്ലല്ലോ.

ടീച്ചര്‍ കണ്ണ് തുറന്നു, ആ കണ്ണുകള്‍ എന്റെ മുഖത്ത് തറഞ്ഞു, എന്താണ് എന്നെ ഉറ്റു നോക്കുന്നത്?എന്നെ മനസ്സിലായോ എന്തോ, ആ നോട്ടവും ഭാവവും കണ്ടിട്ട് അങ്ങനെ തോന്നി. ഞാന്‍ അടുത്തേക്ക് ചെന്ന്, ആ കൈ വിരലുകളില്‍ തൊട്ടു , ആ കണ്ണുകള്‍ നിറഞ്ഞു, എന്റെ മനസ്സില്‍ ഒരു ഭാരം വന്നു നിറഞ്ഞു. കരയാനാവാതെ ഞാന്‍ കൈകളില്‍ അമര്‍ത്തി പിടിച്ചു. ഒരു പക്ഷെ ഓര്‍മയുടെ ഒരു നുറുങ്ങു വെട്ടം  ബോധ മണ്ടലത്തില്‍ തെളിഞ്ഞിരിക്കാം. അവിടുന്ന് ഇറങ്ങിയപ്പോള്‍ അടുത്ത മഴക്കു വേണ്ടി ആകാശത്ത്  കാര്‍മേഖങ്ങള്‍  ഉരുണ്ടു കൂടാന്‍ തുടങ്ങി.

അടുത്ത് തന്നെ താമസിക്കുന്ന രമ ടീച്ചറിന്റ വീട്ടില്‍ പോകണോ വേണ്ടെയോ എന്ന്  മനസ്സില്‍ ഉരുവിട്ടു, ഭാരമുള്ള മനസ്സിന് മടി. ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു, ഇനി ഒരിക്കല്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലോ, ആളനക്കമില്ലാത്ത ആ വീടൊരു ഭാര്‍ഗ്ഗവി നിലയം പോലെ തോന്നി, കുറെ നേരം കാത്തു നിന്നപ്പോള്‍ മരുമകള്‍ വന്നു കതകു തുറന്നു. ഒട്ടും പരിചയ ഭാവം കാണിക്കാത്ത ആ കുട്ടിയോട് ഒന്നും ചോദിക്കാന്‍ തോന്നിയില്ല, രമ ടീച്ചറിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് കൂടി കൊണ്ടു പോയി. ഒരു ജീവച്ചവം പോലൊരു രൂപം. കുണ്ടിലാണ്ട കണ്ണുകളും, ‍ഈര്‍ക്കി‍ലുപോലെ ഉണങ്ങിയ ശരീരവും. എന്നെ മനസ്സിലായി എന്ന് ആ കണ്ണുകളിലെ തിളക്കവും, മുഖത്ത് പെട്ടെന്നുണ്ടായ പ്രകാശവും കണ്ടപ്പോള്‍ തോന്നി, സംസാരിക്കാന്‍ കഴിയാതെ അവര്‍ എന്റെ കണ്ണിലേക്കു നോക്കി ഇരുന്നു. എന്ത് ചെയ്യണംഎന്നറിയാതെ ഞാന്‍ തല കുമ്പിട്ടു, മനസ്സുരുകി ഒന്ന് കരയാന്‍ മോഹിച്ചു, വേദനകളെല്ലാം ഉള്ളിലൊതുക്കി, ഒറ്റപെടലിന്റെ വീര്‍പ്പുമുട്ടലുകളുമായി ഒരു ജീവിതം. ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ മരണം കാത്തു കിടക്കുന്ന അതി ദാരുണമായ ജീവിതം. രണ്ടു വര്‍ഷമായി ഒരേ കിടപ്പ് കിടക്കുന്നു. മരുമകള്‍ തീര്‍ത്തും പറഞ്ഞു അവള്‍ക്കിനിയും നോക്കാന്‍ കഴിയില്ലെന്ന്, മൂത്ത മകള്‍ രാധ വന്നു കൊണ്ടുപോകും". ജോലിക്കാരി പറഞ്ഞു.

 തിരിച്ചു പോരാന്‍ , യാത്ര ചോദിക്കാന്‍ ആ കുട്ടിയെ തിരഞ്ഞിട്ടു അവിടെങ്ങും കണ്ടില്ല. തിരിച്ചു കാറില്‍ കയറിയപ്പോള്‍ മഴ ആര്‍ത്തലച്ചു പെയ്തു തുടങ്ങി, എന്റെ മനസ്സും.  എന്റെ അമ്മ ഭാഗ്യവതി ആണ്, ഒന്നും അറിയാതെ കേള്‍ക്കാതെ അനുഭവിക്കാതെ നേരത്തെ കടന്നു പോകാന്‍ കഴിഞ്ഞില്ലേ, ഞാന്‍ മനസ്സില്‍ പറഞ്ഞു. ദൈവത്തിന്റെ പുസ്തകത്തിലെ നല്ലവരായ മക്കളെ നേരത്തെ വിളിക്കുമെന്ന് കേട്ടിട്ടുണ്ട്.

അമ്മയുടെ മടിയില്‍ കിടന്നു കഥ പറയുമ്പോള്‍ ഞാന്‍ അറിഞ്ഞു അമ്മയും കരയുകയാണെന്നു,ഒന്ന് രണ്ടു കണ്ണുനീര്‍ തുള്ളികള്‍ എന്റെ നെറ്റിയിലും വീണു. കൂടു വിട്ട് അകലങ്ങളിലേക്ക് നേരത്തെ പറന്നു പോയതില്‍ അമ്മയ്ക്കു ആശ്വാസം തോന്നിയിട്ടുണ്ടാവും.

അമ്മ ചോദിച്ചു, "നിനക്ക് പോയി അച്ഛനെ ഇവിടേയ്ക്ക് കൊണ്ട് വരാന്‍ പറ്റില്ലേ", അച്ഛന്‍ സ്വന്തം വീട് വിട്ടു എവിടെയും പോകില്ല എന്നു അമ്മക്ക് അറിയാത്തതൊന്നുമല്ലല്ലോ, പിന്നെ ഈ ദൂരം താണ്ടി വരാനുള്ള ആരോഗ്യമൊന്നും ഇപ്പോള്‍ അച്ഛനില്ല. അച്ഛന്റെ വിഷമം അതിന്റെ ആഴം അമ്മക്ക് മാത്രമേ അറിയൂ, അതാണ്‌ അമ്മക്ക് ഇത്ര ആധി. അമ്മ എന്താണ് അവിടം വരെ പോയി അച്ഛനെ കാണാത്തതെന്ന്  തിരക്കിയപ്പോള്‍, ഞാന്‍ പോകുന്നുണ്ടെന്ന് മാത്രം  പറഞ്ഞു.  അമ്മ എന്റെ നെറ്റിത്തടം  പതുക്കെ പതുക്കെ  തടവുന്നുണ്ടായിരുന്നു ആ സുഖത്തില്‍ ഞാന്‍ ഉറങ്ങിപ്പോയി.

കോളിംഗ് ബെല്‍ ശബ്ദം ഉണ്ടാക്കിയപ്പോള്‍ കണ്ണ്  തുറന്നു ചുറ്റും നോക്കി, ഈ അമ്മ എവിടെ പോയി., അമ്മയെ അടുത്തെങ്ങും കണ്ടില്ല, സ്വപ്നമോ...... ഞാന്‍ എന്‍റെ അമ്മയെ കണ്ടതാണ്, ആ ശംഖ്‌ പോലെ വെളുത്ത വയറില്‍ തല ചായിച്ചു കിടന്നാണ് കഥകളൊക്കെ പറഞ്ഞത്, ചുറ്റും നോക്കിയപ്പോള്‍ സ്വപ്നങ്ങളുടെ വളപ്പൊട്ടുകള്‍ കട്ടിലില്‍ നിരന്നു കിടക്കുന്നു, എല്ലാം പെറുക്കി കൂട്ടി, നീല വളപ്പൊട്ട്‌ മാത്രം ഞാന്‍ പുറത്തു വച്ച്, അമ്മ ഇനിയും വരുമെന്ന് എന്റെ മനസ്സ് പറഞ്ഞു. വാതില്‍ തുറന്നപ്പോള്‍ ജോലി കഴിഞ്ഞെത്തിയ അദ്ദേഹം, മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു, "ശ്രീമതി നല്ല ഉറക്കത്തിലായിരുന്നല്ലോ. ഇന്നു ആരാണോ  സ്വപ്നത്തില്‍ വിരുന്നു വന്നത്". ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു.

എങ്കിലും മനസ്സാകെ മൂടി കെട്ടിയിരുന്നു, അച്ഛന്റെ നില വളരെ മോശമാണ്. അമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട്. അച്ചന്റെ ആരോഗ്യകാര്യത്തില്‍ അമ്മക്ക് എന്നും വളരെ ശ്രദ്ധ ആയിരുന്നു. പക്ഷെ ഞങ്ങള്‍ മക്കള്‍ക്ക്‌ അത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യം തന്നെ.  വിവരം അറിയാന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ കുറച്ചു സീരിയസ് ആണെന്നാണ് പറഞ്ഞത്. രാത്രി ഭക്ഷണം കഴിഞ്ഞു കിടന്നപ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു, ഉറക്കം വരാതെ  കുറെ നേരം കിടന്നു, എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു, അമ്മ വീണ്ടും എന്റടുത്തു  വന്നു, അമ്മയുടെ മുഖത്ത് നല്ല പ്രകാശം ഉണ്ടായിരുന്നു, പോകാന്‍ ധൃതി കാണിച്ചപ്പോള്‍ ഞാന്‍  പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി. എന്നത്തെയും പോലെ അമ്മ പിന്നെയും പോകാന്‍ തിരക്ക് കൂട്ടി  "ഒരുപാട് ജോലി ഉണ്ട്, ഞങ്ങളുടെ തിരക്ക് നിനക്കറിയാമല്ലോ, ഈ പ്രാവശ്യം അച്ഛനെ ഞാന്‍ കൂടെ കൊണ്ടു പോകുകയാണ്". ഞാന്‍  ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍, എന്റെ കാതുകളില്‍  “ഞാന്‍ അച്ഛനെ കൂടെ കൊണ്ടു പോകുകയാണു ആ ഒരു വാചകംമാത്രം. അതെനിക്ക് ആശ്വാസമായി, അച്ഛന്റെ തീരാ വേദനകള്‍ ഇതോടെ മാറുമല്ലോ. ഇനി അച്ഛന് കൂട്ടായി അമ്മ ഉണ്ടല്ലോ  എന്ന ആശ്വാസം.  

അപ്പോഴേക്കും വെളുപ്പാന്‍ കാലാമായിക്കാണും, നിര്‍ത്താതെ അടിക്കുന്ന ഫോണ്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്, ഏട്ടന്‍ ഫോണ്‍ എടുത്തു, സംസാരിക്കുന്നത് കേള്‍ക്കാം, വളരെ പതുക്കെ ആണെങ്കിലും എനിക്ക് മനസ്സിലായി. ഫോണ്‍ വച്ചിട്ടു എന്നോടായി പറഞ്ഞു., അച്ഛന് അസുഖം കൂടുതലാണ്. പെട്ടെന്ന് പോകാനുള്ള കാര്യങ്ങള്‍ ചെയ്യണം. ഞാന്‍ അറിഞ്ഞു. അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു. എന്റെ മറുപടി കേട്ട് , അദ്ദേഹം അന്തം വിട്ട്  എന്നെ നോക്കി നിന്നു.

Monday, October 1, 2012


ഗാന്ധിജിയെ ഓര്‍ക്കണമെങ്കില്‍ ഒരു ഗന്ധിജയന്തി വേണം നമുക്ക്. എന്നേ നമ്മുടെ മനസ്സില്‍ നിന്നും, ഭാരതത്തിന്റെ മനസ്സില്‍ നിന്നും ഗാന്ധിജി കുടി ഒഴിക്കപെട്ടു. ഒരു മനുഷ്യന്‍, ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഒറ്റകെട്ടായി നിര്‍ത്തി, അഹിംസയിലൂടെ  നിരാഹാര സമര മുറകളിലൂടെ  ആ രാജ്യത്തിന്‍റെ സ്വാതത്ര്യം നേടി എടുക്കുക, ആ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടു നമ്മള്‍ കാണുന്നതിനും കേള്‍ക്കുന്നതിനുമെല്ലാം സമരം കൊണ്ടാടുന്നു. ഇവിടെ ഒറ്റകെട്ടായി എല്ലാവരെയും കൊണ്ടു നടക്കാന്‍ ഭരണകര്‍ത്താക്കള്‍ നെട്ടോട്ടം ഓടുന്നു. വീണ്ടും രാജ്യത്തെ അടിയറവു വക്കുമ്പോള്‍, ഇവിടെ ജനങ്ങള്‍ മറ്റൊരു ഗാന്ധിയെ നേതാവായി കിട്ടാതെ, ഈ രാജ്യത്തെ അഴിമതിക്കഥകള്‍ , തമ്മില്‍തല്ലു, കൊലപാതകങ്ങള്‍ , മാഫിയ കൂട്ടുകെട്ട്   കഥകള്‍ കേട്ട് ഒന്നും ചെയ്യാന്‍ കഴിയാതെ  മൌനികളാകുന്നു, പ്രതികരിക്കാന്‍ മറന്നു പോകുന്നു പാവം ജനങ്ങള്‍ . പ്രതികരിച്ചാലും പ്രയോജനം ഇല്ലെന്നു അവര്‍ അറിയുന്നു. ഇവിടെ ഇപ്പോള്‍ എന്തും ആഘോഷങ്ങളാണല്ലോ, അപ്പോള്‍  ആ കൂട്ടത്തില്‍ ഈ ദിനവും നമുക്ക് ആഘോഷിക്കാം.

Monday, September 17, 2012

ഞാന്‍ അന്യന്‍

ഇവിടെ ഈ മരുഭൂമിയില്‍ അമ്പതു ഡിഗ്രി ചൂടില്‍ ജോലി ചെയ്യുമ്പോള്‍, ശരീരം മാത്രമല്ല ഹൃദയം പോലും കരിഞ്ഞു പോകുന്നു. സമയമാറ്റം ഒരു അനുഗ്രഹം ആണെങ്കില്‍ പോലും, അതിരാവിലെ രണ്ടു മണിക്ക് എഴുന്നേറ്റാലെ, നാല് മണിക്ക് സൈറ്റില്‍ എത്താനാവു. പതിനൊന്നു മണിക്ക് ജോലി തീര്‍ന്നു തിരിച്ചെത്തി  കഴിഞ്ഞാല്‍  ഉറങ്ങണം. പാതി മറന്ന ഉറക്കം തീര്‍ത്തില്ലെങ്കില്‍ പിന്നെ അടുത്ത ദിവസം സമയത്ത് ഉണരാന്‍ കഴിയില്ല. തന്റെ ഉറക്ക ഭ്രാന്ത് ഇവിടെ നഷ്ടമായി. അതി രാവിലെ വിളിച്ചു ഉണര്‍ത്താന്‍ പാടു  പെടാറുണ്ടായിരുന്ന അമ്മയെ പറ്റി ആണ്  ഓര്‍മ വരുന്നത്. ഇവിടെ വരുമ്പോള്‍ ആ ദുശ്ശീലങ്ങള്‍  അത്രയും മാറികിട്ടും ചിലപ്പോള്‍. ഉറങ്ങാനായി തുടങ്ങുമ്പോഴായിരിക്കും  നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കാള്‍ വരുന്നത്. അപ്പോഴേക്കും ഉറക്കം പമ്പ കടക്കും. മനസ്സിന് സന്തോഷമുള്ള കാര്യങ്ങള്‍ ഒന്നുമല്ല മിക്കപ്പോഴും, ലോണ്‍ അടച്ചു തീര്‍ക്കുന്നതിനെ കുറിച്ചോ, അനിയത്തിയുടെ സ്ത്രീധന ബാക്കി കൊടുക്കന്നതിനെ പറ്റി ഒക്കെ ആവും. പിന്നെ അതു തന്നെ ആയിരിക്കും മനസ്സില്‍.., ഒരു ആയസ്സു മുഴുവന്‍ ഇവിടെ ഒടുങ്ങി തീര്‍ക്കാനായിരിക്കും ഈ ജന്മം തന്റെ വിധി. ആറു മാസമായ കുഞ്ഞിന്‍റെ  മുഖം പോലും ഇതുവരെ കാണാന്‍ പറ്റാത്തതില്‍  മനസ്സ് വിങ്ങുന്നു. പരിഭവങ്ങളുമായി ഭാര്യ അഞ്ജു. പിന്നെ പയ്യാരങ്ങളുമായി  വീട്ടുകാര്‍. അവരുടെ മനസ്സിലെ ചിത്രം എന്താണോ ആവോ. നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫ്‌ ഒരു സ്വര്‍ഗം ഇവിടെ കഷ്ടപെടാന്‍ വിധിച്ചവര്‍ക്ക് നരകവും.

കല്യാണം കഴിച്ചു വരുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിരിക്കും ഓരോ പെണ്‍കുട്ടിക്കും . താങ്ങും തണലുമാകേണ്ടവര്‍ കടലുകള്‍ക്ക്  അപ്പുറം. സത്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുമ്പോള്‍ ചിലര്‍ക്കൊക്കെ അത് ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നു. അശാന്തമായ മനസുമായി ജീവിക്കാന്‍ വിധിക്കപെട്ടവര്‍. അഞ്ജു തന്നെ മനസിലാക്കുന്നു എന്നത് ഒരു ആശ്വാസം. എങ്കിലും അമ്മയുമായി ഇടക്കിടെ ഉള്ള സൌന്ദര്യ പിണക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. വല്ലപ്പോഴും അത് വഴക്കാകുമ്പോള്‍ താന്‍ ഇടപെട്ടു അവരെ സ്വസ്ഥമാക്കുന്നു. എല്ലാം അസ്വസ്തമായ മനസ്സിന്റെ നൊമ്പരങ്ങള്‍. ഇവിടെ ആരെയും കുറ്റപെടുത്താനാവില്ല. അവളുടെ സങ്കടങ്ങള്‍, ഭര്‍ത്താവിന്‍റെ നെഞ്ചില്‍ ചേര്‍ത്തു വച്ച് തേങ്ങലായി ഒഴുക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് പിണക്കങ്ങളായും വഴക്കുകളായും മാറുന്നു. അവളുടെ മനസ്സ് കാണാന്‍ അമ്മയ്ക്കും കഴിയാറില്ല. ജീവിതത്തിന്റെ താളലയങ്ങള്‍ നഷ്ടപെടുമ്പോള്‍ കരയാനല്ലാതെ, അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും.

പല ഭാഷക്കാര്‍, പല നിറക്കാര്‍, പല വേഷക്കാര്‍, പല രാജ്യക്കാര്‍ എല്ലാവരും സ്വപ്നങ്ങളുടെ ഭാണ്ഡവുമായി ഈ മരുഭൂമിയില്‍ ജീവിതം തുന്നിചേര്‍ക്കാന്‍ എത്തപെട്ടവര്‍, ഇവിടുത്തെ കൊടുംചൂടില്‍, കൊടും തണുപ്പില്‍ രക്തം വിയര്‍പ്പാക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു മനുഷ്യജന്മം എന്തെല്ലാം സഹിക്കണം. ചിലര്‍ ദുരന്തങ്ങളോന്നുമില്ലാതെ ഒടുങ്ങുന്നു. ചിലര്‍ ഈ ജന്മം മുഴുവന്‍  ദുരന്തങ്ങള്‍ ഏറ്റുവാങ്ങി ഇവിടം വിടുന്നു. വേറെ ചിലര്‍ കഷ്ടപാടുകള്‍ക്കൊടുവില്‍ സന്തോഷത്തോടെ ജീവിച്ചു മരിക്കുന്നു. ഇനി ഒരു കൂട്ടര്‍ക്ക് എന്നും ജീവിതം ഒരു ഉത്സവമാണ്.  

ഇന്ന് ആഴ്ചയുടെ അവസാന ദിവസം എല്ലാ ക്ഷീണവും മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും ഓടി ഒളിക്കുന്ന ദിവസം. നാളെ ഒരു അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ പതുക്കെ ഉണര്‍ന്നാല്‍ മതി. ഇന്ന് രാത്രിയില്‍ ക്യാമ്പിലുള്ള സുഹൃത്തുക്കള്‍ എല്ലാവരും ഒത്തു കൂടുന്നു. അതാണ് പ്രവാസികളായ ഞങ്ങളുടെ സന്തോഷ നിമിഷങ്ങള്‍. എല്ലാ ദു:ഖവും മറക്കാന്‍ ആവലാതികള്‍ മറക്കാന്‍ ഒരു രാത്രി. വ്യാഴാഴ്ച ഉച്ച ആകുമ്പോഴേക്കും നെഞ്ചിലെ ഭാരം കുറയുന്നു. പിന്നെ ഒന്നും ഓര്‍ക്കാതെ അറിയാതെ ഉറക്കത്തിലേക്കു ആണ്ടിറങ്ങും. 

ഉച്ചക്ക് വന്നു കിടന്നു. മയക്കം വരുന്നില്ല ചിന്തകള്‍ മായാതെ തന്റെ ചുറ്റും തമ്പടിച്ചിരിക്കുന്നു. ചില ജന്മങ്ങള്‍ അങ്ങനെ ആണ്. എല്ലാക്കാലവും ദുരിതങ്ങളുടെ ഭാണ്ഡവും താങ്ങി ജീവിക്കുക. പാദുകം ഇല്ലാത്തവന്റെ ദു:ഖം പാദമില്ലാത്തവനെ കാണുമ്പോള്‍ മാറും. അത് പോലാണ് ഇവിടെ പലരുടെയും കാര്യങ്ങള്‍..,  ഒരു കടം വീട്ടി കഴിയുമ്പോള്‍ അടുത്ത കടങ്ങള്‍ നിരയായി വന്നു നില്‍ക്കും. ഒരു ഉറുമ്പിന്‍ നിര പോലെ അത് നീണ്ടു നീണ്ടു പോകുന്നു. ആരറിയുന്നു തന്‍റെ ദു:ഖം. നാട്ടില്‍ വിളിക്കുമ്പോള്‍ പരിഭവങ്ങളുമായി ഭാര്യ,  ആവലാതികളുമായി അച്ഛനമ്മമാര്‍, ബന്ധുക്കള്‍. ഒരിക്കല്‍ പോലും ആരും ചോദിച്ചില്ല “നിനക്ക് സുഖമാണോ രാഹുല്‍” എന്ന്‍. പ്രവാസി എവിടെയും അന്യന്‍. , നിലനില്‍പിനായി കഷ്ടപെടുമ്പോള്‍ തന്‍റെ ഉള്ളില്‍ ഉയരുന്ന നിലവിളികള്‍ താന്‍ മാത്രം കേള്‍ക്കുന്നു.

 അസ്തമയ സൂര്യനെ നോക്കി ഇരിക്കുന്ന അബൂക്കയെ കാണാറുണ്ട്. മുഖത്ത് പ്രത്യെകിച്ച് വികാരങ്ങളോന്നുമില്ലാത്ത ഒരു മലപ്പുറത്തുകാരന്‍ . ഇത്രയും നിര്‍വികാരനായ ഒരു മനുഷ്യനെ ‍ കണ്ടിട്ടില്ല. കാലങ്ങള്‍ മുഴുവന്‍ കഷ്ടപെട്ടതിന്റെ നേര്‍ രേഖകള്‍ ആ മുഖത്ത് കാണാം. ഇവിടെ വന്നിട്ട് മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ കഴിയുന്നു. ഒരായുസിന്‍റെ മുക്കാല്‍ പങ്കും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു തീര്‍ത്ത ആള്‍. സഹോദരങ്ങളെയും മക്കളെയും  കര കയറ്റി വന്നപ്പോഴേക്കും, കയറി കിടക്കാന്‍ ഒരു കൂരപോലും സ്വന്തമായി ഉണ്ടാക്കാന്‍ കഴിയാതെ പോയൊരു മനുഷ്യന്‍ . നാട് മനസില്‍ ഒരു  
വികാരമായി നൊമ്പരപെടുത്തുന്നുണ്ടെങ്കിലും തിരിച്ചു  പോകാന്‍ മനസ്സ് കൂട്ടാക്കുന്നില്ല. നാട്ടില്‍ ഒരു അന്യനായി ജീവിക്കുന്നതിലും ഭേദം ഇവിടെ ജീവിച്ചു മരിക്കുന്നതാണെന്ന് അയാള്‍ക്ക് തോന്നിക്കാണും. ഇവിടെ ഈ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഉറക്കെ ഒന്ന് കരയാന്‍ പോലും മറന്നു പോകുന്നു. മരവിച്ച മനസ്സുമായി ജീവിതം തള്ളി നീക്കാന്‍ വിധിക്കപെട്ടവര്‍..

പിന്നെ മനസ്സിലേക്ക് വരുന്ന മുഖം ബാലന്‍ പിള്ളയുടെതാണ് , ആഹാരം പോലും നേരാവണ്ണം കഴിക്കാതെ, ഭാര്യക്കും മക്കള്‍ക്കും സ്വര്‍ഗ്ഗ തുല്യമായ ജീവിതം ഉണ്ടാക്കി കൊടുത്തു. അയാളുടെ വിയര്‍പ്പിന്റെ വില, ഭാര്യയോ മക്കളോ അറിഞ്ഞില്ല. അയാള്‍ ഉണ്ടാക്കിയ പുത്തന്‍ വീട്ടില്‍ അവര്‍ ഉണ്ടു, ഉറങ്ങി. മക്കള്‍ പുതിയ ബൈക്കുകളില്‍ല്‍ ചെത്തി നടന്നു. പിന്നെ എപ്പോഴോ അയാള്‍ക്ക് മനസ്സിലായി തനിക്കെല്ലാം കൈ മോശം  വന്നെന്നു. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും, നാട്ടുകാര്‍ക്കും അയാള്‍ അന്യന്‍ . അവിടാര്‍ക്കും അയാളെ വേണ്ട അയാളുടെ സ്നേഹം വേണ്ട. അയാളയക്കുന്ന പണത്തോടെ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍. അയാളുടെ നെഞ്ചിലും ആ നിലവിളി ഉയര്‍ന്നിട്ടുണ്ടാവും,  അയാള്‍ എല്ലാവരെയും സന്തോഷിപ്പിച്ചും, സ്വയം സന്തോഷിച്ചും വ്യാഴാഴ്ച രാത്രികളെ ഒരു ഉത്സവമാക്കി മാറ്റുന്നു. നന്നായി പാചകം ചെയ്യാവുന്ന നളന്മാര്‍ രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നു. മറ്റുള്ളവര്‍ സഹായിക്കുന്നു. മെസ്സ് ഹാളില്‍ എല്ലാവരും ഒത്തു കൂടുന്നു.

ജയേഷ് വന്നു വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. 
"നീ എന്താ ഉറക്കമാണോ, വേഗം വരൂ, എല്ലാവരും എത്തിയിട്ടുണ്ട്."
പറഞ്ഞിട്ടവന്‍ നടന്നു. വേഗം ഷര്‍ട്ട്‌ എടുത്തിട്ട് മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു അലമാരയില്‍ വച്ചു, പതിയെ മെസ്സ് ഹാളിലേക്കു നടന്നു. അവിടെ എല്ലാ മേളങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു. പാട്ടും ആട്ടവും, തമാശകളും, ബഹളങ്ങളും. ബാലന്‍ പിള്ള എല്ലാത്തിനും ചുക്കാന്‍ പിടിച്ചു. ആഹാരം കഴിഞ്ഞു ചീട്ടു കളി ആയി. പിന്നെ ഉറക്കം വന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. പിറ്റേ ദിവസം അവധി ആയിരുന്നത് കൊണ്ട് ആ ആലസ്യത്തില്‍ വളരെ താമസിച്ചാണ് ഉണര്‍ന്നത്. ആദ്യം ഫോണ്‍ ഓണ്‍ ചെയ്തു നോക്കി. എത്രെയാണ് മിസ്സെഡ് കോളുകള്‍., എന്തോ സംഭവിച്ചിരിക്കുന്നു, എന്തു പറ്റി ഇത്രയധികം കോളുകള്‍.  പെട്ടെന്ന് നാട്ടിലേക്കു വിളിച്ചു. പിന്നെ ഫോണ്‍ എടുക്കാത്തതിന്റെ കുറ്റപ്പെടുത്തലുകളായി. കാര്യം പറയാത്തതിനു ദേക്ഷ്യപ്പെട്ടപ്പോള്‍, അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്കായി ഐ.സി.യു വില്‍ ഏതു നിമിഷവും എന്ത് സംഭവിക്കാമെന്നും പറഞ്ഞു നിര്‍ത്തി അഞ്ജു. പിന്നെ അനിയനെ വിളിച്ചു വിശദമായി കാര്യങ്ങള്‍ തിരക്കി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു. പിന്നെ കൂടുകാര്‍ ആശ്വാസ വചനങ്ങളുമായി വന്നു. അസ്വസ്ഥമായ മനസ്സുമായി സമയം തള്ളി നീക്കി. ഇടക്കിടെ വരുന്ന കോളുകളില്‍ നിന്ന് മനസ്സിലായി നില മോശമാണെന്നു.  തന്നെ മനസ്സിലാക്കുന്ന ഏക വ്യക്തി അച്ഛനായിരുന്നു. താന്‍ ഇവിടെ അനുഭവിക്കുന്ന കഷ്ടപാടുകള്‍ മനസ്സിലാക്കിയ ആള്‍, വിളിക്കുമ്പോഴൊക്കെ  ആശ്വസിപ്പിക്കുന്ന ഒരേ ഒരാള്‍.  തനിക്കൊന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.  .......

ഉടനെ ഒരു നാട്ടില്‍ പോക്ക് മനസ്സിലൊന്നും പ്ലാന്‍ ചെയ്തിരുന്നില്ല. അത് തന്റെ എല്ലാ കാര്യങ്ങളെയും തകിടം മറിക്കുമെന്നറിയാം. പക്ഷെ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. കൂട്ടുകാര്‍ തന്നെ  ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി. അപ്പോഴേക്കും അച്ഛന്‍ മരിച്ചു എന്നുള്ള വാര്‍ത്തയും വന്നു. അറിയാതെ പൊട്ടിക്കരഞ്ഞു പോയി. എത്രെയോ വര്‍ഷത്തെ തന്റെ കണ്ണുനീര്‍, താന്‍ അടക്കി പിടിച്ചിരുന്ന തന്റെ മനസ്സിലെ കാര്‍മേഖങ്ങള്‍,  ഒരു പെരു മഴ  പോലെ പെയ്തൊടുങ്ങി. പിറ്റേ ദിവസം പാസ്പോര്‍ട്ടും, ടിക്കെറ്റും, അവധിയുമെല്ലാം കിട്ടാന്‍ കൂട്ടുകാര്‍ സഹായിച്ചു. അതെ അവരാണിപ്പോള്‍ തന്റെ ബന്ധുക്കള്‍,. അവര്‍ക്ക് താന്‍ അന്യനല്ല. ഒരേ വഞ്ചിയില്‍ സഞ്ചരിക്കുന്നവര്‍. അവര്‍ അറിയുന്നു തന്റെ മനസ്സിലെ നീറ്റല്‍., താന്‍ അനുഭവിക്കുന്ന വേദനയുടെ ആഴം. അവര്‍ എനിക്കെപ്പോഴും താങ്ങും തണലുമായി കൂടെ തന്നെ ഉണ്ടായിരുന്നു .

നാട്ടില്‍ എത്തി അടക്കവും ആചാരങ്ങളും കഴിഞ്ഞു തിരിച്ചു പോരുന്നതിനു മുന്‍പ് കാരണവന്മാരും അമ്മാവന്മാരും ബന്ധുക്കളും ഒത്തു കൂടി. ഭാഗം വക്കാനുള്ള തന്ത്രപാടിലായിരുന്നു. എല്ലാവരെയും വിളിച്ചു കൂട്ടി. അവര്‍ തന്നെ തീരുമാനങ്ങള്‍ എടുത്തു. വീടും അതിരിക്കുന്ന സ്ഥലവും അനിയന്. അവന്‍ നാട്ടില്‍ ജോലിചെയ്യുന്നവന്‍, തന്നെ പോലെ ഗള്‍ഫ് കാരന്‍ അല്ല അത്കൊണ്ട് അത് അവനു. ബാക്കി സ്ഥലം രണ്ടായി വീതിച്ചു ഒരു വീതം തനിക്കും, മറ്റേതു സഹോദരിക്കും. ഒന്നും മിണ്ടാനാവാതെ രാഹുല്‍ ഇരുന്നു. അമ്മയെ നോക്കി. എല്ലാം അറിയാവുന്ന  അമ്മയും ഒന്നും മിണ്ടിയില്ല. അമ്മ എല്ലാത്തിനും മൗനസമ്മതം നല്കുകയായിരുന്നോ. അച്ഛനുണ്ടായിരുന്നെങ്കില്‍  ഇങ്ങനൊന്നും സംഭവിക്കില്ല. അച്ഛനറിയാം തന്റെ വിയര്‍പ്പിന്റെ വില ആണ് ഈ വീട്, തന്റെ സ്വപ്നമാണ് ഈ വീട്.  നീ എന്താ ഒന്നും മിണ്ടാത്തതെന്ന അമ്മാവന്റെ ചോദ്യമാണ് തന്നെ ചിന്തയില്‍ നിന്നു ഉണര്‍ത്തിയത്. അതെ നിനക്കിനിയും ഇത് പോലൊരു വീട് വക്കാന്‍  കഴിയും പക്ഷെ രാജേഷിനോ, തുച്ചമായ  വരുമാനക്കാരനായ അവന്‍ എന്ത് ചെയ്യും. അതുകൊണ്ട് നീ ഈ തീരുമാനത്തിന് സമ്മതിക്കണം, അവര്‍ ഒരേ സ്വരത്തില്‍  പറഞ്ഞു. അവര്‍ക്ക് നാട്ടില്‍ ജോലിക്കാരനായ അനിയന്‍റെ ഭാവിയെ പറ്റിയെ ആകുലത ഉള്ളു. കുടുംബജീവിതമില്ലാത്ത, ജീവനു പോലും ഗാരന്റി ഇല്ലാത്ത ഗുള്‍ഫ്കാരനെ കുറിച്ച് ആര്‍ക്കും ആവലാതികള്‍ ഒട്ടും ഇല്ല. ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. അങ്ങനെ താന്‍ സ്വന്തം വീട്ടിലും അന്യനായി. തന്‍റെ ഇടനെഞ്ചിലെ വേദന ആരും കണ്ടില്ല.  നിലവിളി ആരും കേള്‍ക്കാതെ നെഞ്ചിനുള്ളില്‍ തന്നെ കുരുങ്ങിപ്പോയി. ഭൂമിയിലുള്ള മനുഷ്യര്‍ നിലനിലനില്പ്പിനു വേണ്ടി അപമാനിതരായി നിശ്ശബ്ദമായി നിലവിളിച്ചു കൊണ്ടിരിക്കുന്നു. അവര്‍ അമര്‍ത്തി പിടിച്ച നിലവിളികളോടെ ഒടുവില്‍ ഈ ഭൂമിയോട് വിട പറയുന്നു.  

തിരിച്ചു പോരാന്‍ നേരം അഞ്ജു പൊട്ടിക്കരഞ്ഞു, നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. "നീ ആണെനിക്ക്‌ എല്ലാ ശക്തിയും തരേണ്ടത്‌, ഇനിയും ഞാന്‍ എനിക്കായി ജീവിക്കും, നിനക്കും മോനുമായി ജീവിക്കും".

 സ്വയം മനസ്സില്‍ പറഞ്ഞു “ഞാന്‍ ഇനിയും അന്യനല്ല, എനിക്കും ഈ ഭൂമിയില്‍ ജീവിച്ചു മരിക്കണം”  താന്‍ ഉപേക്ഷിച്ചു പോന്ന മണ്ണിന്റെ പച്ചപ്പും, ഈര്‍പ്പവുമുള്ള  ഓര്‍മ്മകളെ താലോലിക്കാന്‍., നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്‍,പുതിയ സ്വപ്നങ്ങള്‍ കാണാന്‍,വീണ്ടും ‍ ഇതാ ഈ മരുഭൂവില്‍ മരുപ്പച്ച തേടി എത്തിയിരിക്കുന്നു.