Monday, September 17, 2012

ഞാന്‍ അന്യന്‍

ഇവിടെ ഈ മരുഭൂമിയില്‍ അമ്പതു ഡിഗ്രി ചൂടില്‍ ജോലി ചെയ്യുമ്പോള്‍, ശരീരം മാത്രമല്ല ഹൃദയം പോലും കരിഞ്ഞു പോകുന്നു. സമയമാറ്റം ഒരു അനുഗ്രഹം ആണെങ്കില്‍ പോലും, അതിരാവിലെ രണ്ടു മണിക്ക് എഴുന്നേറ്റാലെ, നാല് മണിക്ക് സൈറ്റില്‍ എത്താനാവു. പതിനൊന്നു മണിക്ക് ജോലി തീര്‍ന്നു തിരിച്ചെത്തി  കഴിഞ്ഞാല്‍  ഉറങ്ങണം. പാതി മറന്ന ഉറക്കം തീര്‍ത്തില്ലെങ്കില്‍ പിന്നെ അടുത്ത ദിവസം സമയത്ത് ഉണരാന്‍ കഴിയില്ല. തന്റെ ഉറക്ക ഭ്രാന്ത് ഇവിടെ നഷ്ടമായി. അതി രാവിലെ വിളിച്ചു ഉണര്‍ത്താന്‍ പാടു  പെടാറുണ്ടായിരുന്ന അമ്മയെ പറ്റി ആണ്  ഓര്‍മ വരുന്നത്. ഇവിടെ വരുമ്പോള്‍ ആ ദുശ്ശീലങ്ങള്‍  അത്രയും മാറികിട്ടും ചിലപ്പോള്‍. ഉറങ്ങാനായി തുടങ്ങുമ്പോഴായിരിക്കും  നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കാള്‍ വരുന്നത്. അപ്പോഴേക്കും ഉറക്കം പമ്പ കടക്കും. മനസ്സിന് സന്തോഷമുള്ള കാര്യങ്ങള്‍ ഒന്നുമല്ല മിക്കപ്പോഴും, ലോണ്‍ അടച്ചു തീര്‍ക്കുന്നതിനെ കുറിച്ചോ, അനിയത്തിയുടെ സ്ത്രീധന ബാക്കി കൊടുക്കന്നതിനെ പറ്റി ഒക്കെ ആവും. പിന്നെ അതു തന്നെ ആയിരിക്കും മനസ്സില്‍.., ഒരു ആയസ്സു മുഴുവന്‍ ഇവിടെ ഒടുങ്ങി തീര്‍ക്കാനായിരിക്കും ഈ ജന്മം തന്റെ വിധി. ആറു മാസമായ കുഞ്ഞിന്‍റെ  മുഖം പോലും ഇതുവരെ കാണാന്‍ പറ്റാത്തതില്‍  മനസ്സ് വിങ്ങുന്നു. പരിഭവങ്ങളുമായി ഭാര്യ അഞ്ജു. പിന്നെ പയ്യാരങ്ങളുമായി  വീട്ടുകാര്‍. അവരുടെ മനസ്സിലെ ചിത്രം എന്താണോ ആവോ. നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫ്‌ ഒരു സ്വര്‍ഗം ഇവിടെ കഷ്ടപെടാന്‍ വിധിച്ചവര്‍ക്ക് നരകവും.

കല്യാണം കഴിച്ചു വരുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിരിക്കും ഓരോ പെണ്‍കുട്ടിക്കും . താങ്ങും തണലുമാകേണ്ടവര്‍ കടലുകള്‍ക്ക്  അപ്പുറം. സത്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുമ്പോള്‍ ചിലര്‍ക്കൊക്കെ അത് ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നു. അശാന്തമായ മനസുമായി ജീവിക്കാന്‍ വിധിക്കപെട്ടവര്‍. അഞ്ജു തന്നെ മനസിലാക്കുന്നു എന്നത് ഒരു ആശ്വാസം. എങ്കിലും അമ്മയുമായി ഇടക്കിടെ ഉള്ള സൌന്ദര്യ പിണക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. വല്ലപ്പോഴും അത് വഴക്കാകുമ്പോള്‍ താന്‍ ഇടപെട്ടു അവരെ സ്വസ്ഥമാക്കുന്നു. എല്ലാം അസ്വസ്തമായ മനസ്സിന്റെ നൊമ്പരങ്ങള്‍. ഇവിടെ ആരെയും കുറ്റപെടുത്താനാവില്ല. അവളുടെ സങ്കടങ്ങള്‍, ഭര്‍ത്താവിന്‍റെ നെഞ്ചില്‍ ചേര്‍ത്തു വച്ച് തേങ്ങലായി ഒഴുക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് പിണക്കങ്ങളായും വഴക്കുകളായും മാറുന്നു. അവളുടെ മനസ്സ് കാണാന്‍ അമ്മയ്ക്കും കഴിയാറില്ല. ജീവിതത്തിന്റെ താളലയങ്ങള്‍ നഷ്ടപെടുമ്പോള്‍ കരയാനല്ലാതെ, അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും.

പല ഭാഷക്കാര്‍, പല നിറക്കാര്‍, പല വേഷക്കാര്‍, പല രാജ്യക്കാര്‍ എല്ലാവരും സ്വപ്നങ്ങളുടെ ഭാണ്ഡവുമായി ഈ മരുഭൂമിയില്‍ ജീവിതം തുന്നിചേര്‍ക്കാന്‍ എത്തപെട്ടവര്‍, ഇവിടുത്തെ കൊടുംചൂടില്‍, കൊടും തണുപ്പില്‍ രക്തം വിയര്‍പ്പാക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു മനുഷ്യജന്മം എന്തെല്ലാം സഹിക്കണം. ചിലര്‍ ദുരന്തങ്ങളോന്നുമില്ലാതെ ഒടുങ്ങുന്നു. ചിലര്‍ ഈ ജന്മം മുഴുവന്‍  ദുരന്തങ്ങള്‍ ഏറ്റുവാങ്ങി ഇവിടം വിടുന്നു. വേറെ ചിലര്‍ കഷ്ടപാടുകള്‍ക്കൊടുവില്‍ സന്തോഷത്തോടെ ജീവിച്ചു മരിക്കുന്നു. ഇനി ഒരു കൂട്ടര്‍ക്ക് എന്നും ജീവിതം ഒരു ഉത്സവമാണ്.  

ഇന്ന് ആഴ്ചയുടെ അവസാന ദിവസം എല്ലാ ക്ഷീണവും മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും ഓടി ഒളിക്കുന്ന ദിവസം. നാളെ ഒരു അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ പതുക്കെ ഉണര്‍ന്നാല്‍ മതി. ഇന്ന് രാത്രിയില്‍ ക്യാമ്പിലുള്ള സുഹൃത്തുക്കള്‍ എല്ലാവരും ഒത്തു കൂടുന്നു. അതാണ് പ്രവാസികളായ ഞങ്ങളുടെ സന്തോഷ നിമിഷങ്ങള്‍. എല്ലാ ദു:ഖവും മറക്കാന്‍ ആവലാതികള്‍ മറക്കാന്‍ ഒരു രാത്രി. വ്യാഴാഴ്ച ഉച്ച ആകുമ്പോഴേക്കും നെഞ്ചിലെ ഭാരം കുറയുന്നു. പിന്നെ ഒന്നും ഓര്‍ക്കാതെ അറിയാതെ ഉറക്കത്തിലേക്കു ആണ്ടിറങ്ങും. 

ഉച്ചക്ക് വന്നു കിടന്നു. മയക്കം വരുന്നില്ല ചിന്തകള്‍ മായാതെ തന്റെ ചുറ്റും തമ്പടിച്ചിരിക്കുന്നു. ചില ജന്മങ്ങള്‍ അങ്ങനെ ആണ്. എല്ലാക്കാലവും ദുരിതങ്ങളുടെ ഭാണ്ഡവും താങ്ങി ജീവിക്കുക. പാദുകം ഇല്ലാത്തവന്റെ ദു:ഖം പാദമില്ലാത്തവനെ കാണുമ്പോള്‍ മാറും. അത് പോലാണ് ഇവിടെ പലരുടെയും കാര്യങ്ങള്‍..,  ഒരു കടം വീട്ടി കഴിയുമ്പോള്‍ അടുത്ത കടങ്ങള്‍ നിരയായി വന്നു നില്‍ക്കും. ഒരു ഉറുമ്പിന്‍ നിര പോലെ അത് നീണ്ടു നീണ്ടു പോകുന്നു. ആരറിയുന്നു തന്‍റെ ദു:ഖം. നാട്ടില്‍ വിളിക്കുമ്പോള്‍ പരിഭവങ്ങളുമായി ഭാര്യ,  ആവലാതികളുമായി അച്ഛനമ്മമാര്‍, ബന്ധുക്കള്‍. ഒരിക്കല്‍ പോലും ആരും ചോദിച്ചില്ല “നിനക്ക് സുഖമാണോ രാഹുല്‍” എന്ന്‍. പ്രവാസി എവിടെയും അന്യന്‍. , നിലനില്‍പിനായി കഷ്ടപെടുമ്പോള്‍ തന്‍റെ ഉള്ളില്‍ ഉയരുന്ന നിലവിളികള്‍ താന്‍ മാത്രം കേള്‍ക്കുന്നു.

 അസ്തമയ സൂര്യനെ നോക്കി ഇരിക്കുന്ന അബൂക്കയെ കാണാറുണ്ട്. മുഖത്ത് പ്രത്യെകിച്ച് വികാരങ്ങളോന്നുമില്ലാത്ത ഒരു മലപ്പുറത്തുകാരന്‍ . ഇത്രയും നിര്‍വികാരനായ ഒരു മനുഷ്യനെ ‍ കണ്ടിട്ടില്ല. കാലങ്ങള്‍ മുഴുവന്‍ കഷ്ടപെട്ടതിന്റെ നേര്‍ രേഖകള്‍ ആ മുഖത്ത് കാണാം. ഇവിടെ വന്നിട്ട് മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ കഴിയുന്നു. ഒരായുസിന്‍റെ മുക്കാല്‍ പങ്കും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു തീര്‍ത്ത ആള്‍. സഹോദരങ്ങളെയും മക്കളെയും  കര കയറ്റി വന്നപ്പോഴേക്കും, കയറി കിടക്കാന്‍ ഒരു കൂരപോലും സ്വന്തമായി ഉണ്ടാക്കാന്‍ കഴിയാതെ പോയൊരു മനുഷ്യന്‍ . നാട് മനസില്‍ ഒരു  
വികാരമായി നൊമ്പരപെടുത്തുന്നുണ്ടെങ്കിലും തിരിച്ചു  പോകാന്‍ മനസ്സ് കൂട്ടാക്കുന്നില്ല. നാട്ടില്‍ ഒരു അന്യനായി ജീവിക്കുന്നതിലും ഭേദം ഇവിടെ ജീവിച്ചു മരിക്കുന്നതാണെന്ന് അയാള്‍ക്ക് തോന്നിക്കാണും. ഇവിടെ ഈ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഉറക്കെ ഒന്ന് കരയാന്‍ പോലും മറന്നു പോകുന്നു. മരവിച്ച മനസ്സുമായി ജീവിതം തള്ളി നീക്കാന്‍ വിധിക്കപെട്ടവര്‍..

പിന്നെ മനസ്സിലേക്ക് വരുന്ന മുഖം ബാലന്‍ പിള്ളയുടെതാണ് , ആഹാരം പോലും നേരാവണ്ണം കഴിക്കാതെ, ഭാര്യക്കും മക്കള്‍ക്കും സ്വര്‍ഗ്ഗ തുല്യമായ ജീവിതം ഉണ്ടാക്കി കൊടുത്തു. അയാളുടെ വിയര്‍പ്പിന്റെ വില, ഭാര്യയോ മക്കളോ അറിഞ്ഞില്ല. അയാള്‍ ഉണ്ടാക്കിയ പുത്തന്‍ വീട്ടില്‍ അവര്‍ ഉണ്ടു, ഉറങ്ങി. മക്കള്‍ പുതിയ ബൈക്കുകളില്‍ല്‍ ചെത്തി നടന്നു. പിന്നെ എപ്പോഴോ അയാള്‍ക്ക് മനസ്സിലായി തനിക്കെല്ലാം കൈ മോശം  വന്നെന്നു. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും, നാട്ടുകാര്‍ക്കും അയാള്‍ അന്യന്‍ . അവിടാര്‍ക്കും അയാളെ വേണ്ട അയാളുടെ സ്നേഹം വേണ്ട. അയാളയക്കുന്ന പണത്തോടെ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍. അയാളുടെ നെഞ്ചിലും ആ നിലവിളി ഉയര്‍ന്നിട്ടുണ്ടാവും,  അയാള്‍ എല്ലാവരെയും സന്തോഷിപ്പിച്ചും, സ്വയം സന്തോഷിച്ചും വ്യാഴാഴ്ച രാത്രികളെ ഒരു ഉത്സവമാക്കി മാറ്റുന്നു. നന്നായി പാചകം ചെയ്യാവുന്ന നളന്മാര്‍ രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നു. മറ്റുള്ളവര്‍ സഹായിക്കുന്നു. മെസ്സ് ഹാളില്‍ എല്ലാവരും ഒത്തു കൂടുന്നു.

ജയേഷ് വന്നു വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. 
"നീ എന്താ ഉറക്കമാണോ, വേഗം വരൂ, എല്ലാവരും എത്തിയിട്ടുണ്ട്."
പറഞ്ഞിട്ടവന്‍ നടന്നു. വേഗം ഷര്‍ട്ട്‌ എടുത്തിട്ട് മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു അലമാരയില്‍ വച്ചു, പതിയെ മെസ്സ് ഹാളിലേക്കു നടന്നു. അവിടെ എല്ലാ മേളങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു. പാട്ടും ആട്ടവും, തമാശകളും, ബഹളങ്ങളും. ബാലന്‍ പിള്ള എല്ലാത്തിനും ചുക്കാന്‍ പിടിച്ചു. ആഹാരം കഴിഞ്ഞു ചീട്ടു കളി ആയി. പിന്നെ ഉറക്കം വന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. പിറ്റേ ദിവസം അവധി ആയിരുന്നത് കൊണ്ട് ആ ആലസ്യത്തില്‍ വളരെ താമസിച്ചാണ് ഉണര്‍ന്നത്. ആദ്യം ഫോണ്‍ ഓണ്‍ ചെയ്തു നോക്കി. എത്രെയാണ് മിസ്സെഡ് കോളുകള്‍., എന്തോ സംഭവിച്ചിരിക്കുന്നു, എന്തു പറ്റി ഇത്രയധികം കോളുകള്‍.  പെട്ടെന്ന് നാട്ടിലേക്കു വിളിച്ചു. പിന്നെ ഫോണ്‍ എടുക്കാത്തതിന്റെ കുറ്റപ്പെടുത്തലുകളായി. കാര്യം പറയാത്തതിനു ദേക്ഷ്യപ്പെട്ടപ്പോള്‍, അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്കായി ഐ.സി.യു വില്‍ ഏതു നിമിഷവും എന്ത് സംഭവിക്കാമെന്നും പറഞ്ഞു നിര്‍ത്തി അഞ്ജു. പിന്നെ അനിയനെ വിളിച്ചു വിശദമായി കാര്യങ്ങള്‍ തിരക്കി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു. പിന്നെ കൂടുകാര്‍ ആശ്വാസ വചനങ്ങളുമായി വന്നു. അസ്വസ്ഥമായ മനസ്സുമായി സമയം തള്ളി നീക്കി. ഇടക്കിടെ വരുന്ന കോളുകളില്‍ നിന്ന് മനസ്സിലായി നില മോശമാണെന്നു.  തന്നെ മനസ്സിലാക്കുന്ന ഏക വ്യക്തി അച്ഛനായിരുന്നു. താന്‍ ഇവിടെ അനുഭവിക്കുന്ന കഷ്ടപാടുകള്‍ മനസ്സിലാക്കിയ ആള്‍, വിളിക്കുമ്പോഴൊക്കെ  ആശ്വസിപ്പിക്കുന്ന ഒരേ ഒരാള്‍.  തനിക്കൊന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.  .......

ഉടനെ ഒരു നാട്ടില്‍ പോക്ക് മനസ്സിലൊന്നും പ്ലാന്‍ ചെയ്തിരുന്നില്ല. അത് തന്റെ എല്ലാ കാര്യങ്ങളെയും തകിടം മറിക്കുമെന്നറിയാം. പക്ഷെ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. കൂട്ടുകാര്‍ തന്നെ  ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി. അപ്പോഴേക്കും അച്ഛന്‍ മരിച്ചു എന്നുള്ള വാര്‍ത്തയും വന്നു. അറിയാതെ പൊട്ടിക്കരഞ്ഞു പോയി. എത്രെയോ വര്‍ഷത്തെ തന്റെ കണ്ണുനീര്‍, താന്‍ അടക്കി പിടിച്ചിരുന്ന തന്റെ മനസ്സിലെ കാര്‍മേഖങ്ങള്‍,  ഒരു പെരു മഴ  പോലെ പെയ്തൊടുങ്ങി. പിറ്റേ ദിവസം പാസ്പോര്‍ട്ടും, ടിക്കെറ്റും, അവധിയുമെല്ലാം കിട്ടാന്‍ കൂട്ടുകാര്‍ സഹായിച്ചു. അതെ അവരാണിപ്പോള്‍ തന്റെ ബന്ധുക്കള്‍,. അവര്‍ക്ക് താന്‍ അന്യനല്ല. ഒരേ വഞ്ചിയില്‍ സഞ്ചരിക്കുന്നവര്‍. അവര്‍ അറിയുന്നു തന്റെ മനസ്സിലെ നീറ്റല്‍., താന്‍ അനുഭവിക്കുന്ന വേദനയുടെ ആഴം. അവര്‍ എനിക്കെപ്പോഴും താങ്ങും തണലുമായി കൂടെ തന്നെ ഉണ്ടായിരുന്നു .

നാട്ടില്‍ എത്തി അടക്കവും ആചാരങ്ങളും കഴിഞ്ഞു തിരിച്ചു പോരുന്നതിനു മുന്‍പ് കാരണവന്മാരും അമ്മാവന്മാരും ബന്ധുക്കളും ഒത്തു കൂടി. ഭാഗം വക്കാനുള്ള തന്ത്രപാടിലായിരുന്നു. എല്ലാവരെയും വിളിച്ചു കൂട്ടി. അവര്‍ തന്നെ തീരുമാനങ്ങള്‍ എടുത്തു. വീടും അതിരിക്കുന്ന സ്ഥലവും അനിയന്. അവന്‍ നാട്ടില്‍ ജോലിചെയ്യുന്നവന്‍, തന്നെ പോലെ ഗള്‍ഫ് കാരന്‍ അല്ല അത്കൊണ്ട് അത് അവനു. ബാക്കി സ്ഥലം രണ്ടായി വീതിച്ചു ഒരു വീതം തനിക്കും, മറ്റേതു സഹോദരിക്കും. ഒന്നും മിണ്ടാനാവാതെ രാഹുല്‍ ഇരുന്നു. അമ്മയെ നോക്കി. എല്ലാം അറിയാവുന്ന  അമ്മയും ഒന്നും മിണ്ടിയില്ല. അമ്മ എല്ലാത്തിനും മൗനസമ്മതം നല്കുകയായിരുന്നോ. അച്ഛനുണ്ടായിരുന്നെങ്കില്‍  ഇങ്ങനൊന്നും സംഭവിക്കില്ല. അച്ഛനറിയാം തന്റെ വിയര്‍പ്പിന്റെ വില ആണ് ഈ വീട്, തന്റെ സ്വപ്നമാണ് ഈ വീട്.  നീ എന്താ ഒന്നും മിണ്ടാത്തതെന്ന അമ്മാവന്റെ ചോദ്യമാണ് തന്നെ ചിന്തയില്‍ നിന്നു ഉണര്‍ത്തിയത്. അതെ നിനക്കിനിയും ഇത് പോലൊരു വീട് വക്കാന്‍  കഴിയും പക്ഷെ രാജേഷിനോ, തുച്ചമായ  വരുമാനക്കാരനായ അവന്‍ എന്ത് ചെയ്യും. അതുകൊണ്ട് നീ ഈ തീരുമാനത്തിന് സമ്മതിക്കണം, അവര്‍ ഒരേ സ്വരത്തില്‍  പറഞ്ഞു. അവര്‍ക്ക് നാട്ടില്‍ ജോലിക്കാരനായ അനിയന്‍റെ ഭാവിയെ പറ്റിയെ ആകുലത ഉള്ളു. കുടുംബജീവിതമില്ലാത്ത, ജീവനു പോലും ഗാരന്റി ഇല്ലാത്ത ഗുള്‍ഫ്കാരനെ കുറിച്ച് ആര്‍ക്കും ആവലാതികള്‍ ഒട്ടും ഇല്ല. ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. അങ്ങനെ താന്‍ സ്വന്തം വീട്ടിലും അന്യനായി. തന്‍റെ ഇടനെഞ്ചിലെ വേദന ആരും കണ്ടില്ല.  നിലവിളി ആരും കേള്‍ക്കാതെ നെഞ്ചിനുള്ളില്‍ തന്നെ കുരുങ്ങിപ്പോയി. ഭൂമിയിലുള്ള മനുഷ്യര്‍ നിലനിലനില്പ്പിനു വേണ്ടി അപമാനിതരായി നിശ്ശബ്ദമായി നിലവിളിച്ചു കൊണ്ടിരിക്കുന്നു. അവര്‍ അമര്‍ത്തി പിടിച്ച നിലവിളികളോടെ ഒടുവില്‍ ഈ ഭൂമിയോട് വിട പറയുന്നു.  

തിരിച്ചു പോരാന്‍ നേരം അഞ്ജു പൊട്ടിക്കരഞ്ഞു, നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. "നീ ആണെനിക്ക്‌ എല്ലാ ശക്തിയും തരേണ്ടത്‌, ഇനിയും ഞാന്‍ എനിക്കായി ജീവിക്കും, നിനക്കും മോനുമായി ജീവിക്കും".

 സ്വയം മനസ്സില്‍ പറഞ്ഞു “ഞാന്‍ ഇനിയും അന്യനല്ല, എനിക്കും ഈ ഭൂമിയില്‍ ജീവിച്ചു മരിക്കണം”  താന്‍ ഉപേക്ഷിച്ചു പോന്ന മണ്ണിന്റെ പച്ചപ്പും, ഈര്‍പ്പവുമുള്ള  ഓര്‍മ്മകളെ താലോലിക്കാന്‍., നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്‍,പുതിയ സ്വപ്നങ്ങള്‍ കാണാന്‍,വീണ്ടും ‍ ഇതാ ഈ മരുഭൂവില്‍ മരുപ്പച്ച തേടി എത്തിയിരിക്കുന്നു.   

19 comments:

  1. Replies
    1. നന്ദി മുഹമ്മദ്‌, കമെന്റ്സിനു

      Delete
  2. വിപ്രവാസം വരിക്കുന്നവര്‍ ചെന്നടിയുന്ന വാരിക്കുഴിയുടെ ആഴം.....

    കഥ എന്ന നിലയില്‍ ക്രാഫ്റ്റില്‍ ചില പോരായ്മകള്‍ ഉള്ളത് ഇനി വരാനിരിക്കുന്ന രചനകളില്‍ പരിഹരിക്കാന്‍ ശ്രമിക്കുമല്ലോ.

    ആശംസകള്‍

    ReplyDelete
  3. പ്രവാസിയുടെ വേദനകള്‍ മനസ്സിലാകാന്‍ സാധിച്ചു. പള്ളിക്കരയില്‍ പറഞ്ഞത് ശ്രദ്ധിക്കുക. ആശംസകള്‍.

    ReplyDelete
    Replies
    1. നന്നയില്ലെന്നറിയാം, ഇനിയും ശ്രമിക്കാം

      Delete
  4. പ്രവാസിയുടെ ഹൃദയസ്പന്ദനം
    നല്ല ഒഴുക്കുള്ള എഴുത്ത് .... മനോഹരം

    ആശംസകള്‍

    ReplyDelete
  5. പ്രവാസികളൂടെ ദു:ഖം വരച്ചു കാട്ടാൻ സാധിച്ചു, പക്ഷേ കഥ എന്ന രീതിയിലുള്ള വായനാനുഭവം ഇല്ല

    ReplyDelete
  6. അറിയാം സുമേഷ്, ഇത് കഥയുടെ അടുത്തൊന്നും എത്തിയിട്ടില്ല എന്ന്.

    ReplyDelete
  7. മനസ്സില്‍ വായിച്ചിരുന്നു
    അതെ അഭിപ്രായം തന്നെ
    പക്ഷെ, ഈ അക്ഷരങ്ങള്‍ സുഖമില്ല
    എനിക്കുതോന്നുന്നത് ഇതു വേര്‍ഡില്‍
    പകര്‍ത്തി കോപ്പി ചെയ്യ്ന്നത്നാല്‍ ആണെന്ന് തോന്നുന്നു
    ഇങ്ങനെ വന്നത്. ഗൂഗിള്‍ ട്രാന്‍സ്ളിറെരറെര്‍ ഉപയോഗിക്കുക
    പിന്നെ ഇവിടെ ചില gadgets കൂടി ചേര്‍ക്കേണ്ടതുണ്ട്
    followers,(join this site) തുടങ്ങിയ ബട്ടന്‍സ്. dashboardil പോയാല്‍
    അത് അനായാസം ചെയ്യാന്‍ കഴിയും.
    ആശംസകള്‍

    ReplyDelete
  8. NANNAYIRIKKUNNU SHEELACHECHI...INIYUM INIYUM EZHUTHOO..........!
    CONGRATS..!

    ReplyDelete
  9. Jeevitha rekhakal, Chithrangal ...!

    Manoharam, Ashamsakal...!!!

    ReplyDelete
  10. പ്രവാസപ്രയാസങ്ങളുടെ കഥ

    തുറ്റര്‍ന്നും ധാരാളം എഴുതൂ

    ആശംസകള്‍

    ReplyDelete
  11. ഒരു കടം വീട്ടി കഴിയുമ്പോള്‍ അടുത്ത കടങ്ങള്‍ നിരയായി വന്നു നില്‍ക്കും.

    നിറയെ അബൂക്കമാരും ബാലന്‍ പിള്ളമാരും നിറഞ്ഞതാണ് ഈ പ്രവാസലോകം. സ്നേഹം നല്‍കി നിലനിര്‍ത്താനാകാത്ത ബന്ധങ്ങള്‍ പണം നല്‍കി പരിപോഷിപ്പേക്കേണ്ടി വരുന്നത് വീണ്ടും പ്രവാസ ജീവിതത്തിലേക്ക്‌ നയിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.
    എഴുത്ത്‌ തുടരട്ടെ.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഒരു ശരാശരി ഗള്‍ഫ്‌ കാരന്‍റെ ജീവിതം വളരെ നന്നായി അവതരിപ്പിച്ചു ... അഭിനന്ദനങ്ങള്‍...

    ReplyDelete
  14. This comment has been removed by the author.

    ReplyDelete

  15. നന്നായിരിക്കുന്നു... 
    അഭിനന്ദനങ്ങൾ...
    ആശംസകൾ...
    എഴുത്തു തുടരുക...
    ഭാവുകങ്ങൾ... 

    ReplyDelete